
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൂന്ന് ദിവസം ആർത്തവ അവധി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കെഎസ്‍യു. മറച്ചുപിടിക്കാനും ലജ്ജിച്ച് തലതാഴ്ത്താനും മാത്രമുള്ള മാറാവ്യാധിയല്ല ആർത്തവമെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ പ്രതികരിച്ചു. പനി വന്നാൽ അവധി എടുക്കാം, പക്ഷേ ചില പെൺകുട്ടികൾക്ക് അതികഠിനമായ ആർത്തവ വേദന ഉണ്ടാകുമ്പോൾ അവധി എടുക്കാനുള്ള അവകാശം നൽകിയാൽ അവർ അബലകളായി പോകും എന്നുപറയുന്നതിന്റെ യുക്തി എന്താണെന്നാണ് ആൻ ചോദിക്കുന്നത്. മാസത്തിൽ മൂന്ന് ദിവസം എല്ലാ പെൺകുട്ടികളും നിർബന്ധമായും അവധി എടുക്കണം എന്നർത്ഥമില്ല. ആവശ്യമുള്ളവർക്ക് ഉപയോഗിക്കാനുള്ള ഒരു ഓപ്ഷൻ മാത്രമാണത്. സ്കൂളുകളിലെ നോട്ടീസ് ബോർഡിൽ മെൻസ്ട്രൽ ലീവ് എടുത്തവരുടെ പേരും ക്ലാസും പ്രദർശിപ്പിക്കാനൊന്നും പോകുന്നില്ല. 'എനിക്ക് ആവശ്യമില്ല' എന്നതിനർത്ഥം നാട്ടിൽ മറ്റാർക്കും ആവശ്യമില്ല എന്നല്ലെന്നും ആൻ പറഞ്ഞു.
മെഡിക്കൽ സ്റ്റോറിൽ നിന്ന് സ്റ്റേ ഫ്രീ മേടിച്ച് ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് കള്ളക്കടത്ത് സാധനം പോലെ ഒളിച്ചും പാത്തും കടത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ആർത്തവം 10 വയസിനും 50 വയസ്സിനുമിടയിലുള്ള സ്ത്രീകൾക്ക് ഉണ്ടാകുന്ന ജൈവികമായ പ്രക്രിയയാണെന്നും മാനവരാശിയുടെ നിലനിൽപ്പ് തന്നെ ഈ ജൈവിക പ്രക്രിയയിൽ ആണെന്നും ആ പ്രക്രിയ റെഗുലർ ആയി നടക്കുന്നില്ലെങ്കിൽ ആണ് പ്രശ്നമെന്നും തിരിച്ചറിയുന്നവരുടെ കാലമാണിത്. മറച്ചുപിടിക്കാനും ലജ്ജിച്ച് തലതാഴ്ത്താനും മാത്രമുള്ള എന്തോ മാറാവ്യാധിയല്ല.
പനി വന്നാൽ അവധി എടുക്കാം. മൈഗ്രെയ്ൻ വന്നാൽ അവധി എടുക്കാം. പക്ഷേ ചില പെൺകുട്ടികൾക്ക് മാസംതോറും അതികഠിനമായ ആർത്തവവേദന / അതല്ലെങ്കിൽ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവധി എടുക്കാനുള്ള അവകാശം നൽകിയാൽ അവർ അബലകളായി പോകും എന്നുപറയുന്നതിന്റെ യുക്തി എന്താണ്?
എല്ലാ പെൺകുട്ടികൾക്കും ആർത്തവാവധി എന്നുപറയുമ്പോൾ മാസത്തിൽ മൂന്ന് ദിവസം എല്ലാ പെൺകുട്ടികളും നിർബന്ധമായും അവധി എടുത്തോളണം എന്നർത്ഥമില്ല. ആവശ്യമുള്ളവർക്ക് ഉപയോഗിക്കാനുള്ള ഒരു ഓപ്ഷൻ മാത്രമാണ്. സ്കൂളുകളിലെ നോട്ടീസ് ബോർഡിൽ മെൻസ്ട്രൽ ലീവ് എടുത്തവരുടെ പേരും ക്ലാസും പ്രദർശിപ്പിക്കാനൊന്നും പോകുന്നില്ല. “എനിക്ക് ആവശ്യമില്ല” എന്നതിനർത്ഥം നാട്ടിൽ മറ്റാർക്കും ആവശ്യമില്ല എന്നല്ല. ഒരു പൊതുനയം രൂപപ്പെടുത്തേണ്ടത് എല്ലാവരുടെയും അനുഭവം കണക്കിലെടുത്താണ്.
വൃത്തിയുള്ള ശൗചാലയങ്ങളും, നാപ്കിൻ വെൻഡിംഗ് മെഷീനുകളും, ആരോഗ്യസൗകര്യങ്ങളും അനിവാര്യമാണ്. പക്ഷേ അവയും ആർത്തവാവധിയും പരസ്പരം വിരുദ്ധമായ കാര്യങ്ങളല്ല. ഒരുമിച്ച് നടപ്പിലാക്കപ്പെടേണ്ട കാര്യങ്ങളാണ്. സംസ്ഥാനത്തെ സ്കൂളുകളിൽ മാസത്തിൽ മൂന്ന് ദിവസം ആർത്തവ അവധി നൽകാനുള്ള തീരുമാനത്തെ കെഎസ്‍യു സ്വാഗതം ചെയ്യുകയാണ്.
സ്വകാര്യത നഷ്ടപ്പെടുമെന്നും നാണക്കേടാണെന്നും അധിക്ഷേപിക്കപ്പെടുമെന്നും പറയുന്നവർ മനസ്സിലാക്കേണ്ടത്- “Menstruation is not a taboo , Not a sin, but it’s a biological process”.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam