'കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും'; ഏക സിവിൽ കോഡിനെതിരെ കെ ടി ജലീൽ

Published : Jul 01, 2023, 03:08 PM IST
'കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും'; ഏക സിവിൽ കോഡിനെതിരെ കെ ടി ജലീൽ

Synopsis

ആദിവാസി ഗോത്രങ്ങളെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടാൽ എന്താകുമെന്നതിൻ്റെ നേർക്കാഴ്ചയാണ് മണിപ്പൂരിൽ ദൃശ്യമായത്. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും ഏകസിവിൽകോഡ് പുറത്തെടുത്തിട്ടാൽ രാജ്യം ഭരിക്കുന്ന ബിജെപിക്ക് നേരിടേണ്ടി വരിക. 

തിരുവനന്തപുരം: ഏകസിവിൽ കോഡ് ഇന്ത്യയെ ദുർബലമാക്കുമെന്ന് കെ ടി ജലീൽ എംഎൽഎ. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മരണാനന്തര ക്രിയകൾ എന്നീ മേഖലകളിൽ മാത്രമാണ് നിലവിൽ വിവിധ ആദിവാസി ഗോത്രവർ​ഗങ്ങൾക്കിടയിലും വ്യത്യസ്ത മതസമുദായങ്ങൾക്കിടയിലും അവരുടേതായ വ്യക്തിനിയമങ്ങൾ നിലനിൽക്കുന്നതെന്നും അവയെല്ലാം കൂടി ചേർത്ത് അവിയലാക്കി മാറ്റണമെന്നാണ്  ഏകസിവിൽകോഡു പ്രേമികൾ വാദിക്കുന്നതെന്നും ജലീൽ പറഞ്ഞു. വ്യക്തിനിയമങ്ങളിൽ കാലോചിതമായ പരിഷ്കരണം  വേണമെങ്കിൽ ബന്ധപ്പെട്ട ജനവിഭാഗങ്ങളാണ് പ്രസ്തുത ആവശ്യം മുന്നോട്ടു വെക്കേണ്ടതെന്ന ജനാധിപത്യത്തിൻ്റെ ബാലപാഠം മറന്നാണ് രാജ്യം ഭരിക്കുന്നവരുടെ പുത്തൻ പടപ്പുറപ്പാടാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.  

ഏകസിവിൽ കോഡ് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. ആദിവാസി ഗോത്രങ്ങളെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടാൽ എന്താകുമെന്നതിൻ്റെ നേർക്കാഴ്ചയാണ് മണിപ്പൂരിൽ ദൃശ്യമായത്. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും ഏകസിവിൽകോഡ് പുറത്തെടുത്തിട്ടാൽ രാജ്യം ഭരിക്കുന്ന ബിജെപിക്ക് നേരിടേണ്ടി വരിക. ഏകസിവിൽകോഡിൽ നിലപാട് തുറന്നു പറയാതെ കോൺഗ്രസ് ഒളിച്ചുകളി തുടരുന്നത് അവസാനിപ്പിക്കണമെന്നും ജലീൽ വ്യക്തമാക്കി. പൗരത്വ ഭേദഗതിയുടെ കാര്യത്തിലും കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിലും മുത്തലാഖ് ബില്ലിലും ബാബരീ മസ്ജിദിലും എടുത്ത അഴകൊഴമ്പൻ നിലപാടാണ് ഇന്ത്യയിലെ മതേതര ചേരിക്ക് നേതൃത്വം നൽകേണ്ട കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ കോൺ​ഗ്രസ് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കുറിച്ചു. 

 കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഏകസിവിൽകോഡ് ഇന്ത്യയെ ദുർബലമാക്കും  
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മരണാനന്തര ക്രിയകൾ എന്നീ മേഖലകളിൽ മാത്രമാണ് നിലവിൽ വിവിധ ആദിവാസി ഗോത്രവർഗ്ഗങ്ങൾക്കിടയിലും വ്യത്യസ്ത മതസമുദായങ്ങൾക്കിടയിലും അവരുടേതായ വ്യക്തിനിയമങ്ങൾ നിലനിൽക്കുന്നത്. അവയെല്ലാം കൂടി ചേർത്ത് ഒരവീലാക്കി മാറ്റണമെന്നാണ്  ഏകസിവിൽകോഡു പ്രേമികൾ വാദിക്കുന്നത്. വ്യക്തിനിയമങ്ങളിൽ കാലോചിതമായ പരിഷ്കരണം  വേണമെങ്കിൽ ബന്ധപ്പെട്ട ജനവിഭാഗങ്ങളാണ് പ്രസ്തുത ആവശ്യം മുന്നോട്ടു വെക്കേണ്ടതെന്ന ജനാധിപത്യത്തിൻ്റെ ബാലപാഠം മറന്നാണ് രാജ്യം ഭരിക്കുന്നവരുടെ പുത്തൻ പടപ്പുറപ്പാട്.

ഒരു രാഷ്ട്രം-ഒരു ഭാഷ, ഒരു രാഷ്ട്രം-ഒരു നികുതി, എന്നത് ഒരു രാഷ്ട്രം-ഒരു മതം, ഒരു രാഷ്ട്രം-ഒരു സംസ്കാരം, ഒരു രാഷ്ട്രം-ഒരു വേഷം, ഒരു രാഷ്ട്രം-ഒരു ഭക്ഷണം എന്നീ മുദ്രാവാക്യങ്ങളിലേക്ക് അന്തിമമായി എത്തിക്കാനുള്ള നീക്കമാണ് ഏക സിവിൽകോഡ് വാദത്തിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുന്നോട്ടു വെക്കുന്നത്. ഇത് രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ തകർക്കും. നാനാത്വമാണ് ഇന്ത്യൻ ദേശീയതയുടെ അടിത്തറ. ബഹുസ്വരതയുടെ പ്രകാശം മാഞ്ഞാൽ ഇന്ത്യയുടെ സൗന്ദര്യമാകും അപ്രത്യക്ഷമാവുക.
മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമെന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്. ഇതേറ്റവുമധികം അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുക ആദിവാസി ഗോത്ര സമൂഹങ്ങൾക്കാകും. അവരിതിനകം തന്നെ പ്രക്ഷോഭ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. മേഘാലയ, ജാർഖണ്ഡ്, ചത്തീസ്ഘണ്ഡ് എന്നിവിടങ്ങളിലെല്ലാം ആദിവാസി വിഭാഗങ്ങൾ തെരുവിലിറങ്ങിയത് നാം കണ്ടു. റാഞ്ചി രാജ്ഭവന് മുന്നിലെ പ്രതിഷേധ മുന്നറിയിപ്പ് അധികാരികൾ കണ്ടില്ലെന്ന് നടിച്ചാൽ ഭവിഷ്യത്ത് പ്രതീക്ഷിക്കുന്നതിലും അപ്പുറമാകും.

ആദിവാസി ഗോത്രങ്ങളെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടാൽ എന്താകുമെന്നതിൻ്റെ നേർക്കാഴ്ചയാണ് മണിപ്പൂരിൽ ദൃശ്യമായത്. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും ഏകസിവിൽകോഡ് പുറത്തെടുത്തിട്ടാൽ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് നേരിടേണ്ടി വരിക. ഏകസിവിൽകോഡിൽ നിലപാട് തുറന്നു പറയാതെ കോൺഗ്രസ് ഒളിച്ചുകളി തുടരുന്നത് അവസാനിപ്പിക്കണം. പൗരത്വ ഭേദഗതിയുടെ കാര്യത്തിലും കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിലും മുത്തലാഖ് ബില്ലിലും ബാബരീ മസ്ജിദിലും എടുത്ത അഴകൊഴമ്പൻ നിലപാടാണ് ഇന്ത്യയിലെ മതേതര ചേരിക്ക് നേതൃത്വം നൽകേണ്ട കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ, അതിനവർ വലിയ വില നൽകേണ്ടിവരും. മുസ്ലിംലീഗ് ഉൾപ്പടെയുള്ള പൊതുസിവിൽകോഡ് വിരുദ്ധർ ഏകസിവിൽകോഡിൽ സുചിന്തിത നയമുള്ള ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് ജനാധിപത്യ രൂപത്തിലുള്ള സമരങ്ങളിൽ പങ്കാളികളാകേണ്ടത്. 

മുന്നണി മാറാതെത്തന്നെ പൊതുവിഷയങ്ങളിൽ ലീഗ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തെറ്റില്ല. ന്യൂനപക്ഷ-ഗോത്രവർഗ്ഗ സ്വത്വങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഏകസിവിൽകോഡ്. പൊതുസിവിൽ കോഡിനെതിരായ പോരാട്ട പ്ലാറ്റ്ഫോമിലേക്ക് ഇടതുപക്ഷ പാർട്ടികളെ ക്ഷണിച്ച്കൊണ്ട് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ വീശിയ പച്ചക്കൊടി ശുഭസൂചകമാണ്. കോൺഗ്രസ്സിനുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണത്.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം