ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് മൂന്നു മണിക്കൂറിലധികം? മന്ത്രി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By Web TeamFirst Published Sep 12, 2020, 11:59 AM IST
Highlights

എറണാകുളത്ത് എംജി റോഡിന് സമീപത്തുള്ള മുല്ലശ്ശേരി കനാൽ റോഡിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ്. ഇതിന് തൊട്ടടുത്തുള്ള ഒരു തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

കൊച്ചി: ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ സ്വകാര്യ വാഹനത്തിൽ എത്തിയത്യ തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചോദ്യം ചെയ്യൽ നടന്നതായി മന്ത്രി ഇതുവരെയും സമ്മതിച്ചിട്ടില്ല.  പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കി ഈ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.

എറണാകുളത്ത് എംജി റോഡിന് സമീപത്തുള്ള മുല്ലശ്ശേരി കനാൽ റോഡിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ്. ഇതിന് തൊട്ടടുത്തുള്ള ഒരു തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ ദൃശ്യം പകർത്തിയിരിക്കുന്ന സമയം 1.46 ആണ്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ തിരികെക്കൊണ്ടുപോകാനായി വാഹനം വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളാണ് ഈ സിസിടിവി ഫുട്ടേജിലുള്ളത്. രാവിലെ 10 മണിയോടെയാണ് ജലീൽ ചോദ്യം ചെയ്യലിനായി എത്തിയതെന്നാണ് ലഭിക്കുന്ന സൂചന. അദ്ദേഹം എത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. 

ആലപ്പുഴ ഭാ​ഗത്തുനിന്നാണ് ജലീൽ എത്തിയത്. അദ്ദേഹം അരൂരിലുള്ള തന്റെ സുഹൃത്ത് അനസിന്റെ വീട്ടിൽ ഔദ്യോ​ഗിക വാഹനം നിർത്തിയിട്ടു. അതിനു ശേഷം അവിടെനിന്ന് അനസിന്റെ വെള്ള നിറത്തിലുള്ള ഇന്നോവ കാറിലാണ് മന്ത്രി എൻഫോഴ്സ്മെന്റ് ഓഫീസിലേക്കെത്തിയത്. ഇന്നലെ വൈകുന്നേരം വരെയും മാധ്യമങ്ങളോട് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. 

 

click me!