
മലപ്പുറം: ദില്ലിയിൽ ഖാഇദെമില്ലത്ത് സൗധം പണിയാൻ പണം പിരിക്കാൻ കാട്ടിയ ആവേശം മുസ്ലിം ലീഗ് അത് വിനിയോഗിക്കുന്നതിലും കാണിക്കണമെന്ന് കെ ടി ജലീൽ എംഎല്‍എ. 25 കോടി ടാർജറ്റിട്ട് 28 കോടിയായ ആവേശത്തിലാണ് മുസ്ലിം ലീഗ്. പിരിവുകൾ നടന്ന ഘട്ടങ്ങളിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ടെന്നും കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട്, കത്വ- ഉന്നാവോ ഫണ്ട് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളും ജലീൽ ഓര്‍മ്മിപ്പിച്ചു.
കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം!
ഡൽഹിയിൽ ഖാഇദെമില്ലത്ത് സൗധം പണിയാൻ 25 കോടി ടാർജറ്റിട്ട് 28 കോടിയായ ആവേശത്തിലാണ് മുസ്ലിംലീഗ്. പിരിവുകൾ നടന്ന ഘട്ടങ്ങളിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ട്.
ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട്, കത്വ- ഉന്നാവോ ഫണ്ട്..... അങ്ങിനെ പലതും. ഓൺലൈൻവഴി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച പോലെ നടത്തിയ വിജയാഹ്ലാദം ഫണ്ട് വിനിയോഗത്തിൻ്റെ കാര്യത്തിലും ലീഗ് കാണിക്കണം.
കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇഡിയിൽ ഒരു കേസ് പോലും നിലവിലുണ്ട്. കുന്നമംഗലം പോലീസ് സ്റ്റേഷനിലും കുന്ദമംഗലം കോടതിയിലും കേസുകളുണ്ട്. അതിൽ നിന്ന് മുഖം രക്ഷിക്കാൻ യൂത്ത് ലീഗ് ദേശീയ നേതാവിൻ്റെ രാജിക്കത്ത് ലീഗ് നേതൃത്വം വാങ്ങിയതും ആരും മറന്നു കാണില്ല. അതിലെ രണ്ട് പ്രധാന പ്രതികൾ തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തെ കമൻ്റെറി പോലെ ഓൺലൈൻ പിരിവിൻ്റെ ഫലസൂചിക മാലോകരെ അറിയിച്ചതെന്നത് ശുഭകരമല്ല. അത്തരക്കാരെ പൈസയുടെ നാലയലത്ത് പോലും അടുപ്പിക്കാതെ നേതൃത്വം നോക്കിയാൽ നന്ന്. പണവും അവരും കൂടി കണ്ടാൽ കാന്തവും ഇരുമ്പും കണ്ടപോലെയാണ്.
ഗുജറാത്ത്-സുനാമി ഫണ്ടുകളുടെ വിനിയോഗത്തിൽ സംഭവിച്ച വീഴ്ച ഖാഇദെ മില്ലത്ത് സൗധത്തിൻ്റെ കാര്യത്തിൽ ഉണ്ടാവരുത്. അവ ചോദ്യം ചെയ്തതാണല്ലോ ഈയുള്ളവൻ്റെ പുറത്താക്കലിൽ കലാശിച്ചത്.
പിരിക്കാൻ കാണിച്ച ആവേശം ഫണ്ട് വിനിയോഗത്തിൻ്റെ കാര്യത്തിലും ലീഗ് നേതൃത്വം കാണിക്കണം. ഓൺലൈൻ വഴി പണം സ്വരൂപിച്ച പോലെ അതിൻ്റെ വിനിയോഗവും ഓൺലൈൻ വഴി പണം തന്നവരെ ഇതേ ആവേശത്തോടെ അറിയിക്കാൻ ലീഗിന് ബാദ്ധ്യതയുണ്ട്.
ഒരാവേശത്തിന് കിണറ്റിലേക്ക് എടുത്തു ചാടുന്നത് പോലെയാണ് ലീഗിൻ്റെ ധനശേഖരണം. പിന്നെ ആയിരം ആവേശം ഒപ്പം വന്നാലും കിണറ്റിൽ നിന്ന് ചാടിയ പോലെ പുറത്ത് കടക്കാൻ ആർക്കും കഴിയാറില്ലല്ലോ? ലീഗിൽ വിശ്വാസമർപ്പിച്ച ഒരു സമൂഹത്തിൻ്റെ സ്വപ്ന സാക്ഷാൽക്കാരത്തിലേക്കുള്ള വിയർപ്പുതുള്ളിയുടെ വിലയാണ് സംഭാവനകളായി ഒഴുകിയെത്തിയത്.
ഇത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് കടം വീട്ടാനും ചന്ദ്രികയുടെ നഷ്ടം നികത്താനും ഉപയോഗിച്ച് ഖാഇദെ മില്ലത്ത് സൗധം പാതി പണി തീർന്ന ഒരു പ്രേതരൂപമായി ഡൽഹിയിൽ നിൽക്കുന്ന അവസ്ഥ ഉണ്ടാകാതെ നോക്കണം. ലീഗ് പ്രവർത്തകർ അത് പൊറുക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam