
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ.... എന്ന കാവ്യ ശകലമാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് സംബന്ധിച്ച് ജലീല്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ പ്രേമസംഗീതം എന്ന കൃതിയിലെ വരികളാണ് മന്ത്രി ഉദ്ധരിച്ചത്.
ഇന്ന് കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. മുൻകൂർജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി കിടക്കയിൽ വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഓണ്‍ ലൈനായി കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന.
അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരാം. പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചേക്കും. നേരത്തെയും പലവട്ടം വിജിലൻസും ഇഡിയും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അറസ്റ്റിലേക്ക് കടന്നിരുന്നില്ല. ഇന്ന് രാവിലെയാണ് തിരുവന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്‍റെ ആലുവയിലെ വീട്ടിലെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam