കെഎസ്ആർടിസിക്ക് കടം കൊടുത്ത് മുടിഞ്ഞ് കെടിഡിഎഫ്സി; തിരിച്ചടവ് മുടക്കിയതോടെ അടച്ചുപൂട്ടലിന്‍റെ വക്കില്‍

By Web TeamFirst Published Jan 28, 2023, 11:21 AM IST
Highlights

777 കോടി രൂപയുടെ വായ്പാ തിരിച്ചടവ് കെഎസ്ആര്‍ടിസി മുടക്കിയതോടെ പൊതുമേഖലാ സ്ഥാപനമായ കെടിഡിഎഫ്സി അടച്ചുപൂട്ടലിന്‍റെ വക്കിലാണ്.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് കടംകൊടുത്ത് കെടിഡിഎഫ്സി മുടിഞ്ഞു. 777 കോടി രൂപയുടെ വായ്പാ തിരിച്ചടവ് കെഎസ്ആര്‍ടിസി മുടക്കിയതോടെ പൊതുമേഖലാ സ്ഥാപനമായ കെടിഡിഎഫ്സി അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. നാല് വര്‍ഷമായി കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 525 കോടി രൂപയുടെ നിക്ഷേപമാണ് പൊതുജനങ്ങള്‍ക്ക് തിരികെ നല്‍കാനുള്ളത്.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ദീര്‍ഘകാല വായ്പയില്‍ 211 കോടിയോളം രൂപയും ഹ്രസ്വകാല വായ്പയില്‍ 566 കോടിയോളം രൂപയുമാണ് കെഎസ്ആര്‍ടിസി തിരിച്ചടയ്ക്കാനുള്ളത്. സര്‍ക്കാര്‍ ഗ്യാരണ്ടിയോട് കൂടി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ച തുകയാണ് കെടിഡിഎഫ്സി കെഎസ്ആര്‍ടിസിക്ക് ദീര്‍ഘകാല വായ്പയായി നല്‍കിയത്. അതിനാല്‍തന്നെ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങളുടെ തുക പൊതുജനങ്ങള്‍ക്ക് തിരിച്ചുനല്‍കാന്‍ കോര്‍പറേഷന്‍റെ കയ്യില്‍ പണമില്ല. പ്രതിസന്ധി രൂക്ഷമെന്ന് ചുരുക്കം.

സര്‍ക്കാര്‍ ഉത്തരവുകളുടെ പിന്‍ബലത്തില്‍ ഈടില്ലാതെയാണ് 90 ശതമാനം വായ്പയും കെടിഡിഎഫ്സി കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടുള്ളത്. എന്നിട്ടും പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സഹായിക്കുന്നുമില്ല. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവല്ല എന്നിവിടങ്ങളിലായി 55 ജീവനക്കാരാണ് കെടിഡിഎഫ്സിക്കുള്ളത്. കെഎസ്ആര്‍ടിസി എടുത്ത വായ്പാ തിരിച്ചടവ് മുടക്കിയതോടെ കെടിഡിഎഫ്സി അടച്ചുപൂട്ടലിന്‍റെ വക്കിലാണ്.

tags
click me!