
ദില്ലി: കെടിയു ഡിജിറ്റൽ സർവകലാശാല വിസി നിയമനം പുതിയ നീക്കവുമായി ചാൻസിലറായ ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ പ്രിയ ചന്ദ്രനെ നിയമിക്കണമെന്നും കാട്ടി ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വി സി നിയമനത്തിനായി കോടതി നിയോഗിച്ച ജ. ധൂലിയ സമിതി നൽകിയ രണ്ട് പട്ടികയിലും ഇടം നേടിയവരാണിവരെന്നും ഇതിന് അനുവാദം നൽകണമെന്നാണ് പുതിയ സത്യവാങ്മൂലത്തിലെ ആവശ്യം. അതേസമയം സമിതി നൽകിയ റിപ്പോർട്ടിലെ മെറിറ്റ് മുഖ്യമന്ത്രി അട്ടിമറിച്ചു എന്ന് ചാൻസിലർ ആയ ഗവർണർ ആരോപിച്ചു.
ഇരു സർവകലാശാലകളുടെയും വിസി നിയമനത്തിന് സിസ തോമസിനെ ഒഴിവാക്കിയാണ് മുഖ്യമന്ത്രി പട്ടിക നൽകിയത്. വിസിയായിരുന്ന കാലത്ത് സിസ സർവകലാശാലയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി ഇവരെ ഒഴിവാക്കിയത് എന്നാണ് ഗവർണർ വ്യക്തമാക്കുന്നത് .സിസ തോമസിനെതിരെ മുഖ്യമന്ത്രി ആയുധമാക്കിയത് മാധ്യമ വാർത്തകളാണെന്നും ഗവർണർ സത്യവാങ്മൂലത്തിൽ പറയുന്നു. ഡിജിറ്റൽ സർവ്വകലാശാല വിസി നിയമനത്തിന് മുഖ്യമന്ത്രി നൽകിയ പേരുകൾ സജി ഗോപിനാഥന്റെയും എം എസ് രാജശ്രീയുടെയുമാണ്. ഡോ.രാജശ്രീയെ നിയമനത്തിലെ വിഷയങ്ങൾ കാരണം സാങ്കേതിക സർവ്വകലാശാല വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി നീക്കിയതാണ്. സജി ഗോപിനാഥനെതിരെ ഡിജിറ്റൽ സർവകലാശാലയിലെ ഓഡിറ്റുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നുംഈ സാഹചര്യത്തിൽ ഇരുവരെയും നിയമിക്കാനാകില്ലെന്ന് ഗവർണർ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്. അതേസമയം, സാങ്കേതിക സർവ്വകലാശാല വിസി നിയമനത്തിന് ഡോ. സി സതീഷ് കുമാറിന്റെ പേരാണ് മുഖ്യമന്ത്രി പട്ടികയിൽ ഒന്നാമതായി ശുപാർശ ചെയ്തിരിക്കുന്നത്.