'കെടിയു വിധിസർക്കാരിന് കനത്ത തിരിച്ചടി ,പിണറായി വിജയന്‍ രാജിവെക്കുന്നതാണ് നല്ലത് ': കെ.സുരേന്ദ്രൻ

By Web TeamFirst Published Nov 29, 2022, 5:52 PM IST
Highlights

ഗവർണറുടെ നിലപാട് ശരിവെക്കുകയും സർക്കാരിന്‍റെ  പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുകയും ചെയ്യുന്നതാണ് കോടതിയുടെവിധിയെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്.

തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി ഹൈക്കോടതി തളളിയ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ട് കൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാർ പൊതുസമൂഹത്തിന് മുമ്പിൽ പരിഹാസ്യരാവുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അത്യപൂ‍ർവമായ ഹർജിയിലൂടെ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയിൽ തിരിച്ചടിയേറ്റത് സർക്കാരിന് കനത്ത തിരിച്ചടിയാണ്. ഗവർണറുടെ നിലപാട് ശരിവെക്കുകയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുകയും ചെയ്യുന്നതാണ് കോടതിയുടെവിധി.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ച് നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തിന് അപമാനമാണ്. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സർക്കാരിന്റെ ശുപാർശകൾ ഗവർണർ തള്ളിയത് കോടതി ശരിവെച്ചത് സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളുന്നതിന് തുല്ല്യമാണ്. കെടിയു താത്ക്കാലിക വിസി ഡോ. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സിപിഎം ഫാസിസം അവസാനിപ്പിക്കണമെന്നതാണ് കോടതിയുടെ മറ്റൊരു ശ്രദ്ധേയമായ നിർദ്ദേശമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സാങ്കേതിക സർവകലാശാല  വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം സമർപ്പിച്ച പുനഃപരിശോധന ഹർജി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ജനങ്ങളുടെ നികുതി പണം സിപിഎമ്മിന് ബന്ധുനിയമനങ്ങൾ നടത്താൻ നിയമ പോരാട്ടം നടത്താനുള്ളതല്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 

സര്‍ക്കാരിന് തിരിച്ചടി,കെടിയു വിസിയായി ഡോ.സിസ തോമസിന് തുടരാം, സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

click me!