
തിരുവനന്തപുരം: ആറ് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും വിതരണം ചെയ്യുന്നു. ലക്ഷദ്വീപിലെ തിരഞ്ഞെടുത്ത 10 ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകൾക്കും, ഭാരം കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ് ലക്ഷദ്വീപ് സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. കിലോയ്ക്ക് 100 രൂപ നിരക്കിൽ ആദ്യ ഘട്ടത്തിൽ 392 കിലോഗ്രാം വരെ ന്യൂട്രിമിക്സ് വാങ്ങാമെന്നറിയിച്ച് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ന്യൂട്രിമിക്സ് ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.
സംയോജിത ശിശു വികസന സേവന (ഐസിഡിഎസ്) പദ്ധതി പ്രകാരം വികസിപ്പിച്ച അമൃതം ന്യൂട്രിമിക്സ് ആറ് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ്. ധാന്യങ്ങൾ, പയർ വർഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ പോഷക ഘടകങ്ങൾ ചേർത്ത് ശാസ്ത്രീയമായി തയ്യാറാക്കുന്ന ഈ ഉത്പന്നം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിക്കുന്നത്. ഉത്പാദനത്തിന് മുൻപും ശേഷവും ലബോറട്ടറിയിൽ പരിശോധനകളും നടത്തുന്നിയാണ് വിതരണത്തിന് എത്തിക്കുന്നത്.
കേന്ദ്ര സർക്കാർ പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടിഎച്ച്ആർഎസ്)’ അനുസരിച്ച് കേരള സർക്കാരിന് കീഴിൽ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്. ന്യൂട്രിമിക്സ് കടൽ മാർഗം ലക്ഷദ്വീപിൽ എത്തിച്ച് സർക്കാർ ഗോഡൗണുകളിൽ സംഭരിക്കും. വനിതാ ശിശുവികസന വകുപ്പിന്റെ മേൽനോട്ടത്തിലും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയുമായിരിക്കും വിതരണം ചെയ്യുക. നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി പ്രതിവർഷം 20,000-ൽ ഏറെ ടൺ നൂട്രിമിക്സ് ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവാണ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam