
കൽപ്പറ്റ: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ വായ്പാ തിരിച്ചടവിൽ വൻ തട്ടിപ്പ്. കുടുംബശ്രീ അംഗങ്ങൾ അടച്ച തുക ബാങ്കിൽ എത്തിയില്ല. വ്യാജ രസീതുകൾ ഉണ്ടാക്കിയും വായ്പാ തിരിച്ചടവിൽ തിരിമറി കാണിച്ചുമാണ് തട്ടിപ്പ്. ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധനയിലാണ് കണ്ടെത്തൽ. സംഭവത്തിൽ മുൻ അക്കൗണ്ടന്‍റിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2023 ൽ ഒന്നര ലക്ഷം രൂപ വായ്പ തിരിച്ചടച്ച രസീത് കൈവശം ഉണ്ടായിരുന്നതിനാൽ അതുമായി കുമ്പളേരി സ്വദേശി സ്റ്റെല്ല ഓഡിറ്റിന് എത്തിയ ഉദ്യോഗസ്ഥരെ സമീപിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. ലോൺ കുടുംബശ്രീ ഓഫീസിൽ തിരിച്ചടച്ചപ്പോൾ വ്യാജ രസീത് നൽകി. പണം ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തൽ. സംരംഭങ്ങള്‍ തുടങ്ങാനായി വായ്പയെടുത്ത കുടുംബശ്രീ അംഗങ്ങളും യൂണിറ്റുകളുമാണ് തട്ടിപ്പിനിരയായത്. നിരവധി ലോണുകൾ തിരിച്ചടയ്ക്കാതെ തിരിമറി നടത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ.
2023 ൽ തന്നെ വിഷയം ഉന്നയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് മുൻ സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ പറയുന്നു. മുൻ സിഡിഎസ് ചെയർപേഴ്സനെതിരെയാണ് ആരോപണം. മീനങ്ങാടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നൽകിയ പരാതിയിൽ കുടുംബശ്രീ മുൻ അക്കൗണ്ടന്റ് ജോഷിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുകയാണ്. വർഷങ്ങളായി പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ഭരിക്കുന്നത് എൽഡിഎഫ് ഭരണ സമിതിയാണ്. ഓഡിറ്റ് പൂർത്തിയായാൽ മാത്രമേ എത്രത്തോളം രൂപയുടെ തിരിമറിയാണ് നടന്നത് എന്ന് വ്യക്തമാകൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam