
ഇംഫാൽ: പ്രത്യേക ഭരണപ്രദേശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ത്ര മോദിക്ക് നിവേദനം നൽകി മണിപ്പൂരിലെ കുക്കികൾ. നിലനിൽപ് ഭീഷണിയിലെന്നും, കുക്കികൾക്ക് നേരെയുള്ള ആക്രമണം അവസാനിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. കൂടാതെ പുറത്തേക്കുള്ള യാത്രക്കായി പ്രത്യേകം ഹെലികോപ്റ്റർ സംവിധാനം ഏർപ്പെടുത്തണമെന്നും കുക്കി വിഭാഗം ആവശ്യപ്പെട്ടു. ഗോത്രവിഭാഗങ്ങളുടെ കൂട്ടായ്മയായ 'കുക്കി-സോ കൗൺസിൽ' ആണ് നിവേദനം സമർപ്പിച്ചത്. മണിപ്പൂരിലെ നിലവിലെ ഭരണസംവിധാനത്തിന് കീഴിൽ തങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ സാധിക്കില്ലെന്ന് കുക്കി വിഭാഗം വ്യക്തമാക്കുന്നു. അതിനാൽ കുക്കി-സോ ഗോത്രവിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി സ്വന്തമായി നിയമസഭയുള്ള ഒരു കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് നൽകിയ 8 ഇന നിവേദനത്തിലെ പ്രധാന ആവശ്യം.
തുടർച്ചയായി ഉണ്ടാകുന്ന വംശീയ ആക്രമണങ്ങൾ തങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിട്ടുണ്ടെന്ന് കൗൺസിൽ ചൂണ്ടിക്കാണിക്കുന്നു. മെയ്തേയ്, നാഗാ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നതായും, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവർക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്ത വിധം ഭിന്നത രൂക്ഷമാണെന്നും നിവേദനത്തിൽ പറയുന്നു.
മെയ്തേയ്, നാഗാ വിഭാഗങ്ങളുമായുള്ള കടുത്ത തർക്കങ്ങൾ കാരണം കുക്കി വിഭാഗക്കാർക്ക്, പ്രത്യേകിച്ച് കാങ്‌പോക്പി ജില്ലയിലുള്ളവർക്ക്, റോഡ് മാർഗ്ഗം പുറത്തേക്ക് യാത്ര ചെയ്യാൻ കടുത്ത നിയന്ത്രണങ്ങളും സുരക്ഷാ ഭീഷണിയുമുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തിര വൈദ്യസഹായങ്ങൾക്കും സുരക്ഷിതമായ യാത്രകൾക്കുമായി കുക്കി വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ചുരാചന്ദ്പൂർ, മോറെ, സിൽച്ചാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രത്യേകം ഹെലികോപ്റ്റർ സർവീസുകൾ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, കുക്കി, നാഗാ വിഭാഗങ്ങൾ താമസിക്കുന്ന അതിർത്തി പ്രദേശങ്ങളിലും ബഫർ സോണുകളിലും കേന്ദ്ര സുരക്ഷാ സേനയെ കൂടുതൽ വിന്യസിക്കുക, നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കുക്കി വിദ്യാർത്ഥികൾക്കായി ചുരാചന്ദ്പൂർ, കാങ്‌പോക്പി തുടങ്ങിയ കുക്കി ഭൂരിപക്ഷ ജില്ലകളിൽത്തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക എന്നിവയും പ്രധാന ആവശ്യമാണ്.
തങ്ങളുടെ പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡതയിൽ മാറ്റം വരുത്തില്ലെന്നും പ്രത്യേക ഭരണപ്രദേശം എന്ന ആവശ്യം അംഗീകരിക്കില്ലെന്നുമാണ് സംസ്ഥാന സർക്കാരും കേന്ദ്രവും നേരത്തെ സ്വീകരിച്ചിട്ടുള്ള ഔദ്യോഗിക നിലപാട്. എന്നാൽ തങ്ങളുടെ സുരക്ഷ മുൻനിർത്തി ഈ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുക്കി സംഘടനകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam