കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിലെ അസാന്നിധ്യം: വിശദീകരണവുമായി കുമ്മനം

By Web TeamFirst Published Feb 29, 2020, 8:24 PM IST
Highlights

വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് ആരോപിച്ച കുമ്മനം സംസ്ഥാനത്ത് ഭാരതീയ ജനാതാ പാർട്ടി ഒറ്റക്കെട്ടാണെന്നും അവകാശപ്പെട്ടു

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് വിട്ടുനിന്ന സംഭവത്തിൽ വിശദീകരണവുമായി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മറ്റ് ചില പരിപാടികൾ നേരത്തെ ഏറ്റതിനാലാണ് താൻ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് കുമ്മനം പറഞ്ഞു.

കെ സുരേന്ദ്രന്റെ ഉള്ളിയേരിയിലെ സ്വീകരണ വേദിയിലാണ് കുമ്മനം രാജശേഖരന്റെ വിശദീകരണം. വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് ആരോപിച്ച കുമ്മനം സംസ്ഥാനത്ത് ഭാരതീയ ജനാതാ പാർട്ടി ഒറ്റക്കെട്ടാണെന്നും അവകാശപ്പെട്ടു. 

കുമ്മനം രാജശേഖരന് പുറമെ ശോഭ സുരേന്ദ്രനും സ്ഥാനാരോഹണ ചടങ്ങിനെത്തിയില്ല. നേതാക്കളുടെ വിട്ടുനിൽക്കൽ വിവാദമായതിന് പിന്നാലെ ചടങ്ങ് തീരാനിരിക്കെ, എഎൻ രാധാകൃഷ്ണനും എംടിരമേശും ഓഫീസിലെത്തിയിരുന്നു. സുരേന്ദ്രൻ ചുമതലയേൽക്കുമ്പോൾ ഒരു സ്വകാര്യ ചാനലിന്‍റെ സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എഎൻ രാധാകൃഷ്ണൻ.

വേദിയിലുണ്ടായിരുന്ന സംഘടനാ സെക്രട്ടറി ഗണേഷ് വിട്ടു നിന്ന നേതാക്കളെ ഫോണിൽ വിളിച്ചതായി സൂചനയുണ്ട്. മറ്റു പരിപാടികളുള്ളതിനാൽ സ്ഥാനമേറ്റെടുക്കൽ ചടങ്ങിനെത്തില്ലെന്ന് കുമ്മനം രാജശേഖരൻ അറിയിച്ചിരുന്നെന്ന് അന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിച്ചിരുന്നു.

click me!