ആർട്ടിക്കിൾ 131 പ്രകാരമുള്ള കേരളത്തിന്‍റെ ഹര്‍ജിയെ സുപ്രീംകോടതിയില്‍ എതിര്‍ക്കാന്‍ കാരണം? കുമ്മനത്തിന്‍റെ മറുപടി

Web Desk   | Asianet News
Published : Jan 18, 2020, 05:33 PM ISTUpdated : Jan 18, 2020, 06:31 PM IST
ആർട്ടിക്കിൾ 131 പ്രകാരമുള്ള കേരളത്തിന്‍റെ ഹര്‍ജിയെ സുപ്രീംകോടതിയില്‍ എതിര്‍ക്കാന്‍ കാരണം? കുമ്മനത്തിന്‍റെ മറുപടി

Synopsis

'നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയെന്ന് സർക്കാർ പറയുന്നു. എന്നാൽ 2016ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസർക്കാർ നിയമം പാസാക്കിയത് 2019ലാണ്'

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ആർട്ടിക്കിൾ 131 പ്രകാരം സംസ്ഥാന സർക്കാർ നൽകിയ ഹർജിയെ എതിർത്തുകൊണ്ട് സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. പാർലമെന്റ് പാസ്സാക്കിയതും രാഷ്‌ട്രപതി ഒപ്പുവെച്ചതും ഗസെറ്റ് വിജ്ഞാപനം നടത്തിയതും നിലവിൽ വന്നതുമായ ഒരു നിയമത്തിനെതിരെ വ്യക്തിക്കോ പാർട്ടിക്കോ സ്വന്തം പണം ഉപയോഗിച്ചു കേസ് നടത്താമെന്നും പക്ഷെ സംസ്ഥാന സർക്കാരിന് പൊതു പണം ഉപയോഗിച്ചു എങ്ങനെ കേസ് നടത്താൻ കഴിയുമെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് കുമ്മനം ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്.

കുമ്മനത്തിന്‍റെ കുറിപ്പ്

പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയെ എതിർത്ത് കേസിൽ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി.

സംസ്ഥാനത്തിന്റെയോ കേരളത്തിലെ ജനങ്ങളുടെയോ നിലവിലെ ഒരു അവകാശത്തെയും പുതിയ നിയമം ബാധിക്കാത്തതിനാൽ കേന്ദ്രവും കേരളവും തമ്മിൽ ഒരു നിയമതർക്കവുമില്ല.

അതിനാൽ ആർട്ടിക്കിൾ 131 പ്രകാരം സംസ്ഥാനം നൽകിയ ഒറിജിനൽ സ്യൂട്ട് ഹർജി നിലനിൽക്കില്ല. ഭരണത്തലവനായ ഗവർണറുമായി ആലോചിക്കാതെയാണ് ഇടതുസർക്കാർ ഹർജി സമർപ്പിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായി നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയെന്ന് സർക്കാർ പറയുന്നു. എന്നാൽ 2016ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസർക്കാർ നിയമം പാസാക്കിയത് 2019ലാണ്. അതിനാൽ നിയമം സംബന്ധിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായമല്ല ഹർജിയിലുള്ളത്.

വൻതോതിൽ പൊതുപണം ചെലവഴിച്ചുള്ള സർക്കാരിൻറെ നടപടി നികുതിദായകരായ ജനങ്ങളെ മുഴുവൻ ബാധിക്കുന്നതാണ്. കേസ് ചെലവ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുഴുവൻ മന്ത്രിമാരിൽ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടു.സാമൂഹ്യപ്രവർത്തകനായ അജികുമാറും എന്നോടൊപ്പം കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.

ജനങ്ങളുടെ താല്പര്യങ്ങളെ മാനിക്കാതെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനാണ് സമീപകാലത്തു പല കേസുകളിലും കോടതി വ്യവഹാരങ്ങൾക്ക് വേണ്ടി കോടിക്കണക്കിന് രൂപ പൊതു ഖജനാവിൽ നിന്നും കേരള സർക്കാർ ചെലവഴിക്കുന്നത്.

പാർലമെന്റ് പാസ്സാക്കിയതും രാഷ്‌ട്രപതി ഒപ്പുവെച്ചതും ഗസെറ്റ് വിജ്ഞാപനം നടത്തിയതും നിലവിൽ വന്നതുമായ ഒരു നിയമത്തിനെതിരെ വ്യക്തിക്കോ പാർട്ടിക്കോ സ്വന്തം പണം ഉപയോഗിച്ചു കേസ് നടത്താം , പക്ഷെ ആ ആക്റ്റിനെതിരെ ഒരു സംസ്ഥാന സർക്കാരിന് പൊതു പണം ഉപയോഗിച്ചു എങ്ങനെ കേസ് നടത്താൻ കഴിയും ?

കേരള നിയമസഭ പാസാക്കിയ ഒരു നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കാനും പൊതു പണം ഉപയോഗിച്ചു നിയമത്തിനെതിരെ ഹൈ കോടതിയിൽ കേസ് നടത്താനും ഒരു ജില്ലാ പഞ്ചായത്തിനൊ ഗ്രാമ പഞ്ചായത്തിനോ കഴിയുമോ. ?? ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി എന്നുള്ള ഒറ്റ കാരണം കൊണ്ട് അവർക്ക് കോടതിയിൽ നിയമത്തെ ചോദ്യം ചെയ്യാനാകുമോ ??

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജ‍ഡ്ജി ഹണി എം. വർഗീസിന്‍റെ താക്കീത്; 'സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം'