വട്ടിയൂർക്കാവില്‍ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി

By Web TeamFirst Published Sep 22, 2019, 11:50 AM IST
Highlights

കുമ്മനം രാജശേഖരന് പുറമെ ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവരുടെ പേരുകളാണ് ബിജെപി സ്ഥാനാർത്ഥി പട്ടികയിലേക്ക് ഉയർന്നു കേൾക്കുന്നത്. 

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു. ഞായറാഴ്ച എറണാകുളത്ത് ചേരുന്ന ബിജെപി കോർ കമ്മിറ്റിയിൽ നിലപാട് അറിയിക്കും.

ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോ​ഗത്തിൽ വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നത് സംബന്ധിച്ച് തീരുമാനുണ്ടായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു ജില്ലാ കമ്മിറ്റി അഭിപ്രായം തേടിയത്. കുമ്മനം രാജശേഖരന് പുറമെ ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവരുടെ പേരുകളാണ് ബിജെപി സ്ഥാനാർത്ഥി പട്ടികയിലേക്ക് ഉയർന്നു കേൾക്കുന്നത്.

ശക്തമായ ത്രികോണ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ തവണ 7622 വോട്ടുകൾക്കാണ് ബിജെപിക്ക് വട്ടിയൂർക്കാവിൽ സീറ്റ് നഷ്ടമായത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ക്ഷീണം തീർക്കാനും ദേശീയ നേതൃത്വത്തിനു മുന്നിൽ തലയുയർത്തി നിൽക്കാനും വട്ടിയൂർക്കാവിലെ വിജയം ബിജെപിക്ക് അനിവാര്യമാണ്.   
  

click me!