'കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നു, മാഫിയാ രാഷ്ട്രീയത്തിനുള്ള താക്കീത്': ഒന്നും പുറത്തുവിടില്ലെന്ന് ജലീൽ

By Web TeamFirst Published Aug 7, 2021, 7:24 PM IST
Highlights

മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലെ തീരുമാനങ്ങൾ അറിഞ്ഞ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജലീൽ.

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത വാർത്താ സമ്മേളനം നടന്നതെന്ന് കെടി ജലീൽ. മുഈൻ അലി തങ്ങൾക്കെതിരെ നടപടിയെടുക്കാത്തത് കൊണ്ട് താൻ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുന്നില്ല. വാക്ക് പറഞ്ഞാൽ വാക്കായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലെ തീരുമാനങ്ങൾ അറിഞ്ഞ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജലീൽ.

'കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വാർത്താ സമ്മേളനമായിരുന്നു ഇന്നത്തേത്. സാദിഖലി തങ്ങൾ എല്ലാം വിശദീകരിച്ചു. പിഎംഎ സലാം മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയായ ശേഷം ആദ്യമായി വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. ഇടി മുഹമ്മദ് ബഷീറിന്റെ മൈക്ക് ആരും തട്ടിപ്പറിച്ചില്ലെന്നും അദ്ദേഹത്തിന് പറയാനുള്ളതെല്ലാം പറയാൻ കഴിഞ്ഞു' - ജലീൽ പറഞ്ഞു.

പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണിയെടുക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണെന്നും ജലീൽ പറഞ്ഞു. കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചതാണ് ഇന്ന് നടന്നത്. മാഫിയാ രാഷ്ട്രീയത്തിന് എതിരായ താക്കീതാണ് ഇതെന്നും വാക്കുപറഞ്ഞാൽ വാക്കാവണമെന്നും അതുകൊണ്ടാണ് താൻ മറ്റ് കാര്യങ്ങൾ പുറത്തുവിടാത്തതെന്നും ജലീൽ പറഞ്ഞു.

മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണ്. ബ്ലാക്മെയിൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി. സേട്ട് സാഹിബിനെയും പിഎം അബൂബക്കർ സാഹിബിനെയും അടക്കം പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും മുസ്ലിം ലീഗിൽ ഒരു തലമുറ ജനിക്കുമെന്ന് ഓർമ്മപ്പെടുത്തിയാണ് അദ്ദേഹം അവസാനിപ്പിച്ചത്.
 

click me!