Latest Videos

കുഞ്ഞുകവിതകളുടെ 'കുഞ്ഞാവ'; കവിതാ സമാഹാരവുമായി മൂന്നാം ക്ലാസുകാരി നിവേദിത

By Sumam ThomasFirst Published Apr 20, 2022, 5:25 PM IST
Highlights

പേര് പോലെ തന്നെ കുഞ്ഞുകവിതകളുടെ സമാഹാരമാണ് കുഞ്ഞാവ. 

''അതിൽ നക്ഷത്രങ്ങളുണ്ട്, പൂക്കാലമുണ്ട്, പറവകളുണ്ട്, അച്ഛനും അമ്മയും എല്ലാമുണ്ട്. നൈർമല്യത്തിന്റെയും നിഷ്കളങ്കതയുടെയും മൂർത്തഭാവങ്ങളാണ് ഈ കുഞ്ഞുമനസ്സിൽ ഭാവനയുടെ കുഞ്ഞോളങ്ങൾ സൃഷ്ടിക്കുന്നത്. അതുകൊണ്ട് രചനയിൽ അത്യുക്തിയോ വക്രോക്തിയോ ഒന്നും കാണാനില്ല. കവിതയിലെ ‌ ഓരോ വാക്കിലും നൈസർ​ഗികമായ നൈർമല്യം ദർശിക്കുമ്പോഴാണ് ഈ കുഞ്ഞുകൃതി ഏറ്റവും ഹൃദ്യമായി തീരുന്നത്.'' മൂന്നാം ക്ലാസുകാരി നിവേദിതയുടെ കവിതകളെക്കുറിച്ച് അവതാരികയിൽ ഡോക്ടർ എസ് ജയപ്രകാശ് പറയുന്ന വാക്കുകളിങ്ങനെ. ഇന്ന്, ഏപ്രിൽ 20 നാണ് നിവേദിതയുടെ 'കുഞ്ഞാവ' എന്ന കവിതാ സമാഹാരം പ്രകാശിതമായത്. പേര് പോലെ തന്നെ കുഞ്ഞുകവിതകളുടെ സമാഹാരമാണ് 'കുഞ്ഞാവ'. 

20 കവിതകളാണ് 'കുഞ്ഞാവ'യുടെ ഉള്ളടക്കം. ഒന്നാം ക്ലാസ് മുതലാണ് നിവേദിത കവിത എഴുതിത്തുടങ്ങിയതെന്ന് അമ്മ ബിസ്മി പറയുന്നു. ''കവിതാ സമാഹാരം എന്നൊരു ചിന്ത പോലും ഇല്ലാതിരുന്നതിനാൽ ചിലതെല്ലാം നഷ്ടപ്പെട്ടു. അന്നന്നു സംഭവിച്ച കാര്യങ്ങളും കഥകളും കവിതകളും എഴുതി സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നു അവൾക്ക്. അങ്ങനെ ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ അവളെഴുതി സൂക്ഷിച്ചിരുന്ന,  കവിതകളില്‍ ചിലതാണ് ഇതിലുള്ളത്.'' കുഞ്ഞാവയെക്കുറിച്ച് ബിസ്മിയുടെ വാക്കുകൾ. 

കവിതകൾക്കൊപ്പം ചിത്രങ്ങളും കൂടി ചേർത്ത് മനോഹരമാക്കിയത് അശ്വന്താണ്. കലാപൂർണ്ണ പബ്ലിക്കേഷൻസാണ് പുസ്തകം പുസ്തകം പുറത്തിറക്കിയത്.  കവിതയെഴുത്ത് മാത്രമല്ല, പാട്ടും അഭിനയവും ചിത്രരചനയും കൂടിയുണ്ട് നിവേദിതക്ക്. നിവേദിതയുടെ അധ്യാപകരായ ഉഷ ടീച്ചറും അനിത ടീച്ചറുമാണ് ഈ സമാഹാരത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. മോട്ടിവേഷണൽ സ്പീക്കറും ഹരിപ്പാട് എൽജി ഇം​ഗ്ലീഷ് അക്കാദമി എംഡിയുമായ ലക്ഷ്മി ​ഗിരീഷ്കുറുപ്പാണ് കവിതാ സമാഹാരം പ്രകാശനം ചെയ്തത്. ചിത്രകാരനായ രതീഷിന്റെയും ​ഗ്രാഫിക് ഡിസൈനറായ ബിസ്മിയുടെയും മകളാണ് നിവേദിത രതീഷ്. അനിയത്തി വർണന രതീഷ്.


 

 
 

click me!