കുന്നത്തുനാട് നിലംനികത്തൽ സഭയിൽ ആയുധമാക്കി പ്രതിപക്ഷം; എജിയുടെ നിയമോപദേശം തേടിയിട്ടുണ്ടെന്ന് റവന്യു മന്ത്രി

By Web TeamFirst Published Jun 12, 2019, 11:45 AM IST
Highlights

മുൻ റവന്യൂ അഡീഷണൽ സെക്രട്ടറി നിയമലംഘനത്തിന് കണ്ണടച്ചത് എങ്ങനെയെന്നും ഉത്തരവിറക്കുന്നതിൽ അസാധാരണ തിടുക്കമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കുന്നത്തുനാട് നിലംനികത്തൽ സഭയിൽ ആയുധമാക്കി പ്രതിപക്ഷം. വിവാദവ്യവസായിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. മുൻ റവന്യൂ അഡീഷണൽ സെക്രട്ടറി നിയമലംഘനത്തിന് കണ്ണടച്ചത് എങ്ങനെയെന്നും പ്രതിപക്ഷം നിയമസഭയില്‍ ചോദിച്ചു. ഉത്തരവിറക്കുന്നതിൽ അസാധാരണ തിടുക്കമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. കളക്ടർ എജിയുടെ നിയമോപദേശം തേടിയിരിക്കെ എന്തിനാണ് വീണ്ടും എജി യുടെ നിയമോപദേശം തേടിയതെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം  ഉത്തരവ് മരവിപ്പിച്ചുകഴിഞ്ഞതാണെന്ന് റവന്യൂമന്ത്രി വിശദമാക്കി. 

എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജില്‍ 15 ഏക്കര്‍ നിലം നികത്താൻ കളക്ടറുടെ ഉത്തരവ് മറികടന്ന് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി അനുമതി നല്‍കിയിരുന്നു . കഴിഞ്ഞ ജനുവരി 31നായിരുന്നു സ്ഥമമുടമകള്‍ക്ക് അനുകൂലമായി റവന്യു അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കിയത് . ഈ ഉത്തരവാണ് അടിയന്തരമായി മരവിപ്പിക്കാൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ റവന്യു വകുപ്പ് സെക്രട്ടറിക്ക് നിർദേശം നല്‍കിയിരുന്നു. 

സംഭവം വിവാദമായതോടെ ഫയലുകള്‍ വിളിച്ചു വരുത്തിയ റവന്യു മന്ത്രി വിശദമായ നിയമോപദേശം തേടിയ ശേഷമാണ് ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദേശം നല്‍കിയത് .2005ലാണ് സിന്തറ്റിക് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് കുന്നത്തുനാട് വില്ലേജിലെ 15 ഏക്കര്‍ വയല്‍ നിക്തതാൻ അനുമതി തേടി ജില്ലാകലക്ടര്‍ക്ക് അപേക്ഷ നല്‍കിയത് . എന്നാല്‍ കലക്ടര്‍ അപേക്ഷ തള്ളി . തുടര്‍ന്ന് 2006ല്‍ ലാന്‍ഡ് റവന്യു കമ്മിഷണറില്‍ നിന്ന് വയല്‍ നികത്താൻ അനുകൂല ഉത്തരവ് കമ്പനി നേടി . 

എന്നാല്‍ 2008 ല്‍ നെയല്‍ വയല്‍ സംരക്ഷണ നിയമം നിലവില്‍ വന്നതോടെ കമ്പനി നികത്താതെ അവശേഷിപ്പിച്ച ഭൂമി ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടു . ഈ ഭൂമി നികത്താൻ അനുമതി തേടി കമ്പനി വീണ്ടും ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി . എന്നാല്‍ കലക്ടര്‍ അപേക്ഷ നിരസിച്ചു . തുടര്‍ന്ന് കമ്പനി റവന്യു സെക്രട്ടറിക്ക് അപ്പീല്‍ നല്‍കി .ഈ അപ്പീലിന്മേലാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന പി എച്ച് കുര്യൻ സ്ഥാനം ഒഴിയുന്നതിനു തൊട്ടുമുമ്പ് നികത്താൻ അനുമതി നല്‍കിയത്. ഈ നടപടി തെറ്റാണെന്ന് കണ്ടെത്തിയാണ് ഉത്തരവ് മരവിപ്പിക്കാൻ മന്ത്രി  നിര്‍ദേശം നല്‍കിയത്. 

click me!