തീപാറുന്ന പോരാട്ടത്തിനൊരുങ്ങി തിരൂർ; ലീ​ഗ് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ വി അബ്ദുറഹ്മാൻ, കോട്ട കാക്കാൻ കുറുക്കോളി മൊയ്തീൻ

Published : Apr 04, 2026, 03:52 PM IST
Tirur Assembly Election 2026 Candidates

Synopsis

മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂർ മണ്ഡലത്തിൽ ഇത്തവണ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നു. തദ്ദേശ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെ മുൻതൂക്കത്തിൽ യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, വി അബ്ദുറഹ്മാനെ ഇറക്കി മണ്ഡലം പിടിക്കാനാണ് എൽഡിഎഫിന്റെ ശ്രമം. മുൻകാല തെരഞ്ഞെടുപ്പ് കണക്കുകളും മണ്ഡല ചരിത്രവും ഇരുമുന്നണികൾക്കും പ്രതീക്ഷയും ആശങ്കയും നൽകുന്നു.

മുസ്ലീം ലീ​ഗിൻ്റെ ഉറച്ച കോട്ടയാണ് തിരൂർ. ഇടി മുഹമ്മദ് ബഷീർ, കെ മൊയ്തീൻകുട്ടി ഹാജി തുടങ്ങിയ പ്രമുഖർ പ്രതിനിധീകരിച്ച മണ്ഡലമാണ് തിരൂർ. മുസ്ലീം ലീ​ഗിൻ്റെ കോട്ടയാണെങ്കിലും 2006ൽ എൽഡിഎഫ് ഇവിടെ അട്ടിമറി വിജയം നേടിയിരുന്നു. എന്നാൽ പീന്നീട് മണ്ഡലം മുസ്ലീം ലീ​ഗ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇത്തവണയും തിരൂരിനെ പച്ച പുതപ്പിക്കാൻ സാധിക്കുമെന്നുതന്നെയാണ് ലീ​ഗിൻ്റെയും യുഡിഎഫിൻ്റെയും കണക്കു കൂട്ടൽ. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൈപ്പിനിൽ‌നിന്നും വിജയിച്ച എ അബ്ദുറഹിമാനെ നിർത്തി മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കു കൂട്ടലിലാണ് എൽഡിഎഫ്.

തദ്ദേശ, ലോക്സഭ തെരഞ്ഞെടുപ്പ് പ്രതീക്ഷകൾ

തിരൂർ നഗരസഭയും വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്, കല്പകഞ്ചേരി, വളവന്നൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് നിലവിൽ തിരൂർ മണ്ഡലം. മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം യുഡിഎഫ് ക്യാമ്പിന് കൂടുതൽ പ്രതീക്ഷ നൽകുമ്പോൾ പച്ചകോട്ടയിൽ എങ്ങനെ വിള്ളൽ വീഴാത്താമെന്നാണ് എൽഡിഎഫ് നോക്കുന്നത്. ലോക്സഭ തെര‍ഞ്ഞെടുപ്പ് റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു എംപി അബ്ദുസ്സമദ് സമദാനി വിജയിച്ചത്. 50,330 വോട്ടിന്റെ ഭൂരിപക്ഷമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരൂർ നിയമസഭ മണ്ഡലം സമദാനിക്ക് സമ്മാനിച്ചത്.

മണ്ഡലത്തിൻ്റെ ചരിത്രം

തിരൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യനിയമസഭാംഗം മുൻ നിയമസഭ സ്പീക്കര്‍ കെ. മൊയ്തീന്‍കുട്ടിയെന്ന ബാവ ഹാജിയാണ്. 1957 മുതൽ 1967 വരെ കെ മോയ്തീൻ കുട്ടി ഹാജി തന്നെയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പിന്നീട് പിടി കുഞ്ഞുട്ടി ഹാജി, യുഎ ബീരാന്‍, ഇടി മുഹമ്മദ് ബഷീര്‍, സി മമ്മുട്ടി, കുറുക്കോളി മൊയ്തീൻ എന്നിവര്‍ തിരൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധികളായി. ഇതിൽ യു. ബീരാന്‍, കുറുക്കോളി മൊയ്തീൻ എന്നിവർ‌ ഓരോ തവണയും പിടി കുഞ്ഞുട്ടി ഹാജിയും ഇടി മുഹമ്മദ് ബഷീറും സി മമ്മുട്ടിയും രണ്ട് തവണ വീതവും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006-ൽ സിപിഎം.തിരൂർ ഏരിയാ സെക്രട്ടറിയായിരുന്ന പരേതനായ പിപി അബ്ദുള്ളക്കുട്ടിയിലൂടെയാണ് മണ്ഡലത്തിൻ്റെ ചരിത്രം എൽഡിഎഫ് തിരുത്തി എഴുതുന്നത്. ഇടി മുഹമ്മദ് ബഷീറിനെയായിരുന്നു പിപി അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തിയത്. 2011-ൽ മണ്ഡലം പുനർനിർണയിച്ച് തവനൂർ, തിരൂർ മണ്ഡലങ്ങളായി വിഭജിക്കപ്പെടുകയായിരുന്നു. പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് തവനൂർ മണ്ഡലം രൂപീകരിച്ചത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പിപി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തി സി മമ്മുട്ടിയിലൂടെ മണ്ഡലം ലീ​ഗ് തിരിച്ചുപിടിക്കുകയായിരുന്നു.

കണക്കുകൾ ഇങ്ങനെ

2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ‌ 23,566 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീ​ഗിൻ്റെ സി മമ്മൂട്ടി, സിപിഎമ്മിൻ്റെ പിപി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 7,061 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി മമ്മൂട്ടി സിപിഎമ്മിൻ്റെ ​ഗഫൂർ പി ലില്ലീസിനെ പരാജയപ്പെടുത്തിയത്. 2021ലെ തെരഞ്ഞെടുപ്പിലും മുസ്ലീം ലീ​ഗ് തന്നെയാണ് മണ്ഡലത്തിൽ ആധിപത്യം സ്ഥാപിച്ചത്. 7,214 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുരുക്കോലി മോയ്തീൻ മണ്ഡലത്തിൽനിന്ന് വിജയിച്ചത്. ​ഗഫൂർ പി ലില്ലീസ് തന്നെയായിരുന്നു എതിർ സ്ഥാനാർഥി.

സ്ഥാനാർഥികൾ

2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ വൈപ്പിനിൽനിന്നും സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച വി അബ്ദുറഹ്മാനാണ് എൽഡിഎഫിനുവേണ്ടി രം​ഗത്ത് ഇറങ്ങുന്നത്. അബ്ദുറഹ്മാൻ്റെ സ്വന്തം നാടാണ് തരൂർ. യുഡിഎഫിനുവേണ്ടി മുൻ എംഎൽഎതന്നെയാണ് രം​ഗത്ത് ഇറങ്ങുന്നത്. അബ്ദുറഹിമാൻ സ്വന്തം നാടായ തിരൂരിലേക്ക് മാറിയത് കൊണ്ടുതന്നെ മണ്ഡലത്തിൽ ലീഗിൻ്റെ കുറുക്കോളി മൊയ്തീനുമായി കടുത്ത മത്സരം ഉറപ്പായിക്കഴിഞ്ഞു. കെ നാരായണൻ മാസ്റ്ററാണ് ബിജെപി സ്ഥാനാർഥി.

നീണ്ടകാലത്തിനുശേഷം തലക്കാട് പഞ്ചായത്തിൽ ഭരണം പിടിക്കാനും കഴിഞ്ഞ തവണ നഷ്ടമായ വെട്ടം പഞ്ചായത്ത് തിരിച്ചുപിടിക്കാനായതും തിരൂർ നഗരസഭയിൽ നേടിയ ഉജ്ജ്വല വിജയവും നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ മേൽക്കോയ്മ നൽകും എന്ന പ്രതീക്ഷയിലാണ് മുസ്ലീം ലീ​ഗ് കേന്ദ്രങ്ങൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് വലിയ പരാജയം, 10 വർഷം ഇവിടെ ഭരണമുണ്ടായിരുന്നില്ല': മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ കെ സുരേഷ് കുമാർ
റബ്ബര്‍, നെല്ല്, നാളികേരം താങ്ങുവില ഉയര്‍ത്തും; കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന പ്രഖ്യാപനങ്ങളുമായി യുഡിഎഫ്