കൊച്ചി: കുതിരാനിലെ ഒരു തുരങ്കം തുറക്കാൻ മൂന്നു മാസം കൂടി വേണമെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. പണി നീളാൻ കാരണം സാമ്പത്തിക പ്രശ്നമെന്നും ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു. വാളയാർ- പാലക്കാട് ഭാഗത്തേക്കുള്ള ടണലാണ് തുറന്നുകൊടുക്കാൻ കഴിയുക എന്ന് ഇന്ന് നിർമ്മാണ കമ്പനിയും അറിയിച്ചു. വിദഗ്ധ സമിതി റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്..
പ്രളയത്തിനു ശേഷമുണ്ടായ മണ്ണിടിച്ചിൽ, സാമ്പത്തിക പ്രശ്നങ്ങൾ ഒക്കെ കാരണമാണ് കുതിരാനിലെ തുരങ്കത്തിന്റെ നിർമ്മാണം വൈകിയത്. സാമ്പത്തിക സ്രേതസ്സുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ പറയുന്നു. നിർമ്മാണ മേൽനോട്ടം നടത്തുന്നതിനായാണ് ഡോ സുരേഷ് ബാബു അധ്യക്ഷനായ വിദഗ്ധസമിതിയെ നിയോഗിച്ചത്. ആ സമിതി പത്തു ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്നത്. നിലവിലെ സ്ഥിതി എന്താണെന്ന് ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിന് മുകളിലേക്ക് കല്ല് അടർന്നുവീണതാണ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായത്. അതിനെപ്പറ്റി നാട്ടുകാർക്ക് വലിയ ആശങ്ക ഉണ്ടാക്കുന്ന തരത്തിലാണ് മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നതെന്നാണ് ദേശീയപാത അതോറിറ്റി പറഞ്ഞത്. പക്ഷേ, നാട്ടുകാരാണ് ഈ പാത ഉപയോഗിക്കേണ്ടതെന്നും അവരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദഗ്ധസമിതിയെ കോടതി കക്ഷിചേർത്തിട്ടുണ്ട്. പത്തുദിവസത്തിനകം ഇവർ റിപ്പോർട്ട് നൽകണം. എല്ലാ പത്തുദിവസം കൂടുമ്പോഴും കോട
തി കേസ് പരിഗണിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇതോടെ, ഹൈക്കോടതി മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ഏറെക്കുറെ വ്യക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam