
ആലപ്പുഴ: നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ കലക്ടറേറ്റിലേക്ക് സമരം വ്യാപിപ്പിച്ച് കുട്ടനാട്ടെ കര്‍ഷകര്‍. നെല്ലുമേന്തി കലക്ടറേറ്റിലേക്ക് മാര്ച്ച നടത്തിയ കര്‍ഷകര്‍ പ്രധാന കവാടം ഉപരോധിച്ചു. മന്ത്രിമാരെ വഴിതടയുന്നത് ഉള്‍പ്പെടെ സമരപരിപാടികൾ ശക്തമാക്കാനാണ് തീരുമാനം.
രണ്ടാം കൃഷിയിൽ വിളവിറക്കിയ നെല്ല് മുഴുവൻ പാടശേഖരങ്ങളില്‍ മഴയും വെയിലുമേറ്റ് നശിക്കുന്ന സ്ഥിതിയായപ്പോഴാണ് സമരം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചത്. നെല്ല് എടുക്കാനാളില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പെയെടുത്തും സ്വര്‍ണം പണയം വെച്ചുമെല്ലാം കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തിന‍്റെ നടുക്കടലിലാണ്.
കഴിഞ്ഞ ഒരാഴ്ചയായി കുട്ടനാട്ടിലായിരുന്നു കർഷകർ സമരം നടത്തിയിരുന്നത്. പ്രശ്നം പരിഹരിക്കാന്‍ ഒരു നടപടിയും ഇതുവരെയുണ്ടായില്ല. മില്ലുടമകളുമായി ചര്‍ച്ചക്ക് മുന്‍കൈ എടുക്കേണ്ട കൃഷി മന്ത്രി പി പ്രസാദ് കഴിഞ്ഞ ഒരാഴ്ചയായി പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഹൈദരാബാദിൽ തന്നെ തുടരുകയാണ്. നാട്ടില്‍ തിരിച്ചെത്തിയിട്ടും മന്ത്രി തിരിഞ്ഞു നോക്കിയിട്ടില്ല. ഇതോടെയാണ് നെല്ലുമേന്തി കര്‍ഷകര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
അതേസമയം സമരം കർഷകർ ശക്തമാക്കുകയും പ്രശ്ന പരിഹാരം നീണ്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മില്ലുടമകളുടെ യോഗം വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം.