
കേരളാ കോൺഗ്രസിന്‍റേത് മാത്രമല്ല, കേരള രാഷ്ട്രീയത്തിലെത്തന്നെ ഒരു വടവൃക്ഷമായിരുന്നു കെ എം മാണി. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയജീവിതത്തിനിടയിൽ പടർന്നു പന്തലിച്ച് നിന്ന മാണി സാറിന് തണലായിരുന്നു കുട്ടിയമ്മ.
കുട്ടിയമ്മയും മാണിസാറും, പാർട്ടി ചിഹ്നം പോലെത്തന്നെ ഒരു തണ്ടിലെ രണ്ടിലകളായിരുന്നു. എപ്പോഴും ഒപ്പം. കൈ ചേർത്തു പിടിച്ച് ഇരുവരും നടന്നു കയറിയ വർഷങ്ങളുടെ നീളം, അറുപത്തൊന്നര!
1957 നവംബർ 28-നായിരുന്നു ഇരുവരുടെയും വിവാഹം. കോൺഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയുടെ ബന്ധുവായിരുന്ന കുട്ടിയമ്മയ്ക്ക് രാഷ്ട്രീയം ഒരു അപരിചിത ഭൂമികയൊന്നുമായിരുന്നില്ല. വാഴൂർ സ്വദേശി കെ സി തോമസിന്‍റെ മകളാണ് കുട്ടിയമ്മ.
കുട്ടിയമ്മയെ പ്രേമിച്ചാണോ കല്യാണം കഴിച്ചത്? 'ഏയ്' എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറയും മാണിസാർ. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. കുട്ടിയമ്മയെ ആദ്യം മാണിക്ക് വേണ്ടി കാണാൻ പോയത് അച്ഛന്‍റെ സഹോദരനാണ്. പിന്നെ എന്തുണ്ടായെന്ന് മാണിസാർ തന്നെ പറയും.
''കൊച്ചപ്പൻ അങ്ങ് ചെല്ലുമ്പോ ഇവരുടെ ഇളയതുണ്ട് .. ബേബി എന്ന് പറയും. അന്ന് കൊച്ചപ്പൻ ചെല്ലുമ്പോ അവന് ആറ് മാസം പ്രായവാ. ആറ് മാസം പ്രായവുള്ള എളയ കൊച്ചിനെ എളിയിൽ എടുത്തു നിൽക്കുവാ കുട്ടിയമ്മ. അത് കണ്ടപ്പം കൊച്ചപ്പന് ഇഷ്ടായി. വീട്ടുകാരെ നോക്കാവുന്ന പെൺകൊച്ചാ എന്ന് കൊച്ചപ്പൻ എന്നോട് വന്ന് പറഞ്ഞു. പിന്നെ ഞാൻ പോയി കണ്ടു, ഇഷ്ടപ്പെട്ടു.'' മാണി ഒരു ചിരിയോടെ പറയുന്നു.
മരങ്ങാട്ടുപിള്ളിയിൽ വച്ചായിരുന്നു വിവാഹം. അന്ന് കെപിസിസി അംഗവും കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന മാണി പ്രമുഖ അഭിഭാഷകനായിരുന്നു. ''പിന്നേ, ഭാര്യയ്ക്ക് വക്കീല് വേണവെന്നുണ്ടായിരുന്നു, രാഷ്ട്രീയക്കാരനുമാകണമെന്നുണ്ടായിരുന്നു.''
കുട്ടിയമ്മയില്ലായിരുന്നെങ്കിലോ? ''പിന്നേ, ഞാനീ രാഷ്ട്രീയവൊക്കെയായി നടക്കുമ്പോ പിന്നെ വീട്ടുകാര്യങ്ങളും, കൃഷിയും ഒക്കെ ആര് നോക്കുവായിരുന്നു?'', മാണിസാർ ചോദിക്കുന്നു.
തനിക്ക് രണ്ട് ഭാര്യമായിരുന്നെന്നായിരുന്നു മാണി സാർ എപ്പോഴും പറയാറ്. ഒന്നാം ഭാര്യ കുട്ടിയമ്മ, രണ്ടാം ഭാര്യ പാലാ. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ഒരു പോലെ നോക്കിയിരുന്നയാളാണെന്ന് കുട്ടിയമ്മയും പറയും.
''എന്നും സന്തോഷവാ, അടിച്ചുകലക്കുവല്ലേ ഞങ്ങള്!''
കുട്ടിയമ്മയും മാണിസാറും ചേർന്ന് ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നൽകിയ അഭിമുഖത്തിലെ ദൃശ്യങ്ങൾ കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam