
തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ മദ്യപിച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ മനപൂർവ്വമായ നരഹത്യ കുറ്റത്തില്‍ നിന്നും ഒഴിവാക്കിയ കോടതിവിധി പ്രതിഷേധാർഹമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നരഹത്യ കുറ്റത്തില്‍ നിന്നും ഒഴിവാക്കി അശ്രദ്ധമായ നരഹത്യാ കുറ്റം മാത്രമാക്കിയ തിരുവനന്തപുരം ജില്ലാ കോടതിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും നീതി നിഷേധവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ചൂണ്ടിക്കാട്ടി.
ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്ന് യൂണിയൻ സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെമിക്കൽ അനാലിസിസ് റിപ്പോർട്ടിൽ ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അളവില്ല എന്നത് മാത്രമാണ് കോടതി പരിഗണിച്ചത്. അപകടം ഉണ്ടായി 18 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത പരിശോധന നടത്തിയത്. ആശുപത്രിയിൽ എത്തിയ ശ്രീറാം രക്ത പരിശോധനയ്ക്ക് തയ്യാറായില്ല എന്നതടക്കമുള്ള സാക്ഷി മൊഴികൾ പരിഗണിക്കാതെയാണ് കോടതി തീരുമാനമെന്ന് കെയുഡബ്യുജെ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമായി അപകടം നടന്ന അന്നു മുതൽ പൊലീസും ഐഎഎസ് ലോബിയും നടത്തുന്ന ശ്രമത്തിന്റെ തെളിവുകൾ അടക്കം കോടതി പരിഗണിച്ചിട്ടില്ല. ഈ വിഷയങ്ങൾ കൂടി ഹൈക്കോടതിയെ ബോധ്യപ്പെടുത്തി മനപ്പൂർവമായ നരഹത്യ കുറ്റം ഉൾപ്പെടുത്താനുള്ള ശക്തമായ നടപടിക്ക് പ്രോസിക്യൂഷൻ തയ്യാറാകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതോടെയാണ് മനപൂർവ്വമായ നരഹത്യ കുറ്റത്തില്‍ നിന്നും ഒഴിവാക്കിയത്. വഫ ഫിറോസിനെതിരെ പ്രേരണാക്കുറ്റം മാത്രം നിലനിൽക്കും. അതേസമയം ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. മനപ്പൂർവമായ നരഹത്യ വകുപ്പ് അടക്കം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് ഒഴിവായത്. മനപ്പൂർവമുള്ള നരഹത്യയ്ക്കുള്ള വകുപ്പായ 304-2 ഒഴിവാക്കി. അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കി എന്ന 304-എ വകുപ്പ് ആയി മാറി. അലക്ഷ്യമായി വാഹനമോടിച്ചതിനുള്ള വകുപ്പ് 279, MACT 184 എന്നീ വകുപ്പുകളിൽ വിചാരണ നേരിട്ടാൽ മതി. കൂടെയുണ്ടായിരുന്ന വഫയ്ക്കെതിരെ വകുപ്പ് 188 അഥവാ പ്രേരണക്കുറ്റം മാത്ര. നിർണായകമാകേണ്ടിയിരുന്ന, ശ്രീറാം മദ്യപിച്ചതിനുള്ള തെളിവ് ഹാജരാക്കാൻ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam