
പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് (KSRTC) യുവാക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (Human Rights Commission) അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഡ്രൈവർ മനപൂർവം അപകടമുണ്ടാക്കിയതാണോ എന്ന കാര്യം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കുഴൽമന്ദം വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് , കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ ദുരൂഹത ആരോപിച്ച് ഇരു കുടുംബങ്ങളും രംഗത്തെത്തിയിരുന്നു.
കെഎസ് ആർടിസി ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സി.എൽ ഔസേപ്പിനെ സസ്പെന്റ് ചെയ്തിരുന്നു. കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്ത ഇദേഹത്തെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 304 എ വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. കെഎസ് ആർടിസി ബസ് ഡ്രൈവർക്കെതിരെ യാത്രക്കാർ ചിലർ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവത്തിൽ അന്വേഷണ സംഘത്തിന് വീഴ്ച്ചയുണ്ടായെന്നാരോപിച്ച് സിപിഐ കുഴൽമന്ദം മണ്ഡലം കമ്മറ്റി, പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കേസിൽ ദുര്‍ബല വകുപ്പുകൾ ചുമത്തിയത് പ്രതികളെ രക്ഷപെടാൻ സഹായിക്കാനാണെന്നാണ് സിപിഐയുടെ ആരോപണം. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു.
Read Also: കുഴൽമന്ദം വാഹനാപകടം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്ത് മരിച്ച യുവാവിന്‍റെ കുടുംബം