
പത്തനംതിട്ട: തൃക്കാർത്തികയോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ കാർത്തിക ദീപം തെളിയിച്ചതോടെ ഈ വർഷത്തെ തൃക്കാർത്തിക വിളക്കിന് തുടക്കമായി. മാളികപ്പുറം, നടപ്പന്തൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലും മൺചിരാതുകളിൽ ദീപാലങ്കാരവും പുഷ്‌പാലങ്കാരവും ഉണ്ട്. സന്നിധാനത്തെ സേന വിഭാഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ദീപങ്ങൾ തെളിയിച്ചത്. അതേസമയം വിശേഷ ദിവസമായിട്ടും ഇന്ന് സന്നിധാനത്ത് എത്തിയ ആക്കരുടെ എണ്ണത്തിൽ കുറവാണ്. 6 മണി വരെ 60000ത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്.
തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ ദീപം തെളിയിച്ചതോടെയാണ് തൃക്കാർത്തിക വിളക്കിനു തുടക്കമായത്. പിന്നീട് ഭക്തരും ജീവനക്കാരും ചേർന്ന് തിരുമുറ്റത്തും മാളികപ്പുറത്തും നടപ്പന്തലിലുമെല്ലാം ദീപങ്ങൾ തെളിച്ചു. പതിനെട്ടാം പടിക്ക് താഴെ സുരക്ഷ സേനകളുടെ നേതൃത്വത്തിലും വിളക്കുകൾ തെളിച്ചു. അതേസമയം, വിശേഷ ദിവസമായിരുന്നിട്ടും തിരക്ക് കുറഞ്ഞ ദിവസമായിരുന്നു ഇന്ന്. ഉച്ചവരെ നടപ്പന്തൽ ഏതാണ്ട് ഒഴിഞ്ഞ കാഴ്ചയായിരുന്നു.ഉച്ചയ്ക്ക് ശേഷമാണ് കൂടുതൽ ഭക്തർ സന്നിധാനത്തേക്ക് എത്തിയത്.
തിരക്ക് കുറവായതിനാൽ 5000ൽ കൂടുതൽ ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് നൽകി. ഈ സീസണിൽ ഇത് വരെ ശബരിമലയിൽ എത്തിയ വിശ്വാസികളുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. നാളെ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ഉണ്ട്.അന്നദാനത്തിന് സദ്യ നൽകുന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടായേക്കും.