'ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും'; റവന്യൂമന്ത്രിയുടെ ഉറപ്പ്

By Web TeamFirst Published Apr 29, 2022, 9:39 AM IST
Highlights

ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും നിർമ്മാണ നിരോധനം നീക്കുന്നതിലും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു എന്നാരോപിച്ച് സമരം ശക്തമാക്കാൻ വിവിധ സംഘടകൾ തീരുമാനിച്ചതോടെയാണ് റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം.

ഇടുക്കി: ഇടുക്കി സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം തന്നെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ (K Rajan).  ഇതിനായി 1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും നിർമ്മാണ നിരോധനം നീക്കുന്നതിലും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു എന്നാരോപിച്ച് സമരം ശക്തമാക്കാൻ വിവിധ സംഘടകൾ തീരുമാനിച്ചതോടെയാണ് റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം. നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി അയ്യായിരം പട്ടയങ്ങൾ നൽകാൻ സ്പെഷ്യൽ ഡ്രൈവ് നടത്തും. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 

താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ അംഗീകരിച്ചിട്ടുള്ള 2594 പട്ടയങ്ങളും സര്‍വ്വേയുൾപ്പടെ പൂര്‍ത്തിയാക്കി ഭൂമി പതിവ് കമ്മിറ്റികളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ള 2089 പട്ടയങ്ങളും ഇതിലുള്‍പ്പെടുത്തും. 38,000 ത്തിലധികം അപേക്ഷകരാണ് ഇടുക്കിയിൽ പട്ടയത്തിനായി കാത്തിരിക്കുന്നത്. അണക്കെട്ടുകളുടെ പത്ത് ചെയിൻ പ്രദേശങ്ങളിലും ഈ വർഷം പട്ടയം നൽകും. സർക്കാരിന്‍റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 563 പട്ടയങ്ങൾ മന്ത്രി ഇടുക്കിയിൽ വിതരണം ചെയ്തു. ആനവിരട്ടി, ഉപ്പുതോട്, കഞ്ഞിക്കുഴി, തങ്കമണി എന്നീ സ്മാർട്ട് വില്ലേജുകളുടെയും ഉടുമ്പൻചോല താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്‍ററിന്‍റെയും ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. 
 

click me!