ഹൈവേയ്ക്ക് സൗജന്യമായി കിട്ടിയ സ്ഥലത്തിന് പണം നൽകിയെന്ന് രേഖ; തഹസിൽദാറിനും വില്ലേജ് അസിസ്റ്റന്റിനും കഠിന തടവ്

Published : Sep 30, 2024, 06:07 PM IST
ഹൈവേയ്ക്ക് സൗജന്യമായി കിട്ടിയ സ്ഥലത്തിന് പണം നൽകിയെന്ന് രേഖ; തഹസിൽദാറിനും വില്ലേജ് അസിസ്റ്റന്റിനും കഠിന തടവ്

Synopsis

റോഡ് വികസനത്തിന് ഉടമ സൗജന്യമായി കൊടുത്ത സ്ഥലത്തിലാണ് പണം കൊടുത്ത് വാങ്ങിയെന്ന തരത്തിൽ രേഖകളുണ്ടാക്കിയത്.

തിരുവനന്തപുരം: ദേശീയ പാത വികസനത്തിന് സ്ഥലം ഏറ്റെടുത്തതിൽ കൃത്രിമം കാണിച്ച് പണം തട്ടിയ സംഭവത്തിൽ തിരുവനന്തപുരത്തെ മുൻ തഹസിൽദാർക്കും വില്ലേജ് അസിസ്റ്റന്റിനും കഠിന തടവ്. 2004-2006 കാലഘട്ടത്തിൽ തലസ്ഥാനത്തെ പട്ടം മുതൽ കേശവദാസപുരം വരെയുള്ള ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. അന്ന്  നാഷണൽ ഹൈവേ ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാറായിരുന്ന ദിവാകരൻ പിള്ള, കവടിയാർ വില്ലേജ് അസിസ്റ്റന്റ് എസ്. രാജഗോപാൽ എന്നിവ‍ർക്കെതിരാണ് തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

ഹൈവേ വികസനത്തിനായി ഒരു സ്വകാര്യ വ്യക്തി തന്റെ സ്ഥലം സൗജന്യമായി വിട്ടുനൽകിയിരുന്നു. എന്നാൽ ഈ സ്ഥലം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥയിലുള്ളതാണെന്ന തരത്തിൽ തഹസിൽദാറും വില്ലേജ് അസിസ്റ്റന്റും ചേർന്ന വ്യാജ രേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തിയത്. യഥാർത്ഥ ഉടമ അറിയാതെയായിരുന്നു ഇതെല്ലാം. തുടർന്ന് വ്യാജ രേഖ പ്രകാരമുള്ള ഉടമയിൽ നിന്ന് ഭൂമി പണം നൽകി ഏറ്റെടുക്കുകയാണെന്ന് കാണിച്ച് 12,60,910 രൂപയാണ് രണ്ട് പേരും ചേർന്ന് വെട്ടിച്ചെടുത്തത്.

സംഭവത്തിൽ പിന്നീട് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നാലെ  അന്വേഷണം നടക്കുകയും ചെയ്തു. കേസിൽ ഒന്നാം പ്രതിയായ തഹസിൽദാർ ദിവാകരൻ പിള്ളയ്ക്ക് വിവിധ വകുപ്പുകളിലായി12 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. ഇതിന് പുറമെ 2,35,000 രൂപ പിഴയും ഒടുക്കണം. രണ്ടാം പ്രതിയായ വില്ലേജ് അസിസ്റ്റന്റ് എസ്. രാജഗോപാലിന് പല വകുപ്പുകളിലായി ആറ് വർഷം കഠിന  തടവുണ്ട്. ഇയാൾ 1,35,000 രൂപ പിഴയും ഒടുക്കണം. ശിക്ഷാ വിധി പുറത്തുവന്നതോടെ ഒന്നാം പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.

തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് മുൻ ഡിവൈഎസ്പി രാജേന്ദ്രനാണ് ഈ തട്ടിപ്പിൽ കേസ് രജിസ്റ്റർ ചെയ്തത്.  അന്ന് വിജിലൻസ് ഇൻസ്‌പെക്ടറായിരുന്ന ഉജ്ജ്വൽ കുമാർ  അന്വേഷണം പൂർത്തിയാക്കി. മുൻ ഡി.വൈ.എസ്.പിയും നിലവിലെ ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ടുമായ ആർ. മഹേഷ് കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് ഇന്ന് വിധി വന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K