മണ്ണിടിച്ചിലിൽ ഞെട്ടി രാജമല; ലയങ്ങൾ ഒലിച്ച് പോയി, 80 ഓളം തൊഴിലാളികളുണ്ടെന്ന് പ്രാഥമിക വിവരം

By Web TeamFirst Published Aug 7, 2020, 10:23 AM IST
Highlights

സമീപത്തെ ആശുപത്രികൾക്കെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. റവന്യു ഫോറസ്റ്റ് സംഘങ്ങൾ സംഭവസ്ഥലത്തേക്ക് തിരിച്ചു

ഇടുക്കി: മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. നാല് ലയങ്ങൾ അപകടത്തിൽ പെട്ടെന്നാണ് പ്രാദേശികമായി കിട്ടുന്ന വിവരം. ലയങ്ങളിലെല്ലാം താമസക്കാര്‍  ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.  കനത്ത മഴ പ്രദേശത്ത് തുടരുന്നുണ്ടായിരുന്നു. നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 

പൊലീസ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും റവന്യു ഫോറസ്റ്റ് അധികൃതരെല്ലാം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും ആശയവിനിമയത്തിന് സംവിധാനം ഇല്ലാത്തതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാണ്. മണ്ണുമാന്തികൾ അടക്കം വലിയ വാഹനങ്ങൾക്ക് പ്രദേശത്തേക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയും ഉണ്ട്.  സമീപത്തെ ആശുപത്രികൾക്കെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

കനത്ത മഴയിൽ ഉരുൾപ്പൊട്ടലുണ്ടായി തേയിലത്തോട്ടം അടക്കം ഒരു പ്രദേശത്തെ മണ്ണാകെ ലയങ്ങൾക്ക് മുകളിലേക്ക് ഒഴുകിയെത്തിയെന്നാണ് അറിയാൻ കഴിയുന്നത്. പുലര്‍ച്ചെയായിരുന്നതിനാൽ ലയങ്ങൾക്കകത്തെല്ലാം താമസക്കാരുണ്ടായിരുന്നു. മൂന്നാര്‍ ടൗണിൽ നിന്ന് പെരിയവര പാലം കടന്ന് ഇരവികുളം നാഷണൽ പാര്‍ക്കിന് അകത്ത് കൂടിയാണ് സംഭവസ്ഥലത്ത് എത്തേണ്ടത്. എന്നാൽ പേരിയവര പാലം ഒലിച്ച് പോയതിനാൽ മൂന്നാറിൽ നിന്ന് കാട്ടുവഴികളെ വരെ ആശ്രയിച്ച് വേണം രക്ഷാ പ്രവർത്തകര്‍ക്ക് എത്തിപ്പെടാണ. വനംവകുപ്പിന്‍റെ സംഘമാണ് ആദ്യം പ്രദേശത്ത് എത്തിയത്. 

മൂന്ന് ദിവസമായി കനത്ത മഴ പ്രദേശത്ത് തുടരുകയാണ്. മണ്ണിടിച്ചിൽ സ്ഥിരമായുണ്ടാകുന്ന പ്രദേശമല്ല ഇവിടമെങ്കിലും പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇരവികുളം നാഷണൽ പാര്‍ക്കിന്‍റെ അവസാന ഭാഗവും ഇടമലക്കുടി മേഖല തുടങ്ങുന്ന ഇടവുമാണ് പെട്ടിമുടി പ്രദേശം. പുറം ലോകത്ത് നിന്ന് ഏറെ അകന്ന് നിൽക്കുന്ന സ്ഥലമായതിനാൽ ഈ മേഖലയിലേക്ക് എത്തിപ്പെടാനും പ്രയാസമാണ്.  ദേശീയ ദുരന്ത നിവാരണ സംഘവും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

രക്ഷാ പ്രവർത്തകർക്ക് എത്തിച്ചേരാനുള്ള പ്രയാസം വലിയ തിരിച്ചടിയാണെന്ന് മന്ത്രി എംഎം മണി പറഞ്ഞു. 

click me!