
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഭൂമിയുടെ ന്യായവിലയും നികുതിയും കൂട്ടും. ഭൂവിനിയോഗത്തിന് അനുസരിച്ച് നികുതി നിശ്ചയിക്കുന്ന പുതിയ രീതിയും നിലവിൽ വരാനിടയുണ്ട്. സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കാലോചിതമായി പുനര്‍നിര്‍ണ്ണയിക്കാൻ കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും നാളിത് വരെ നടപടികളൊന്നും ആയിട്ടില്ല
ഗ്രാമ പഞ്ചായത്ത് പരിധിയിൽ കുറഞ്ഞ ഭൂനികുതി നിലവിൽ അഞ്ച് രൂപ. മുൻസിപ്പാലിറ്റിയിൽ 10 ഉം കോര്‍പറേഷനിൽ 20 ഉം. ഇത് തീരെ കുറഞ്ഞ നിരക്കെന്ന് വിലയിരുത്തിയാണ് വരുമാന വര്‍ധന കൂടി മുന്നിൽ കണ്ട് നികുതി കൂട്ടുന്നത്. ഭൂമിയുടെ ന്യായവിലയിലും ഉണ്ടാകും ചുരുങ്ങിയത് 10 ശതമാനത്തിന്റെ വര്‍ദ്ധനവ്. സാമ്പത്തിക ഞെരുക്കം മറികടക്കാൻ വരുമാനം കൂട്ടാനുള്ള നിര്‍ദ്ദേശങ്ങൾക്ക് ബജറ്റിൽ മുൻതൂക്കമുണ്ടാകും. അതിൽ പ്രധാനം നികുതി നിരക്കാണ്. കഴിഞ്ഞ ബജറ്റിൽ കണക്കാക്കിയ നികുതി വരുമാനം വെറും 509 കോടി രൂപ. മറ്റ് സംസ്ഥാനങ്ങളിൽ പിരിച്ചെടുക്കുന്ന നികുതിയുടെ നാലിലൊന്ന് പോലും കേരളത്തിലില്ലെന്ന ന്യായീകരണമാണ് സര്‍ക്കാരിന്.
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിക്ക് നികുതി നിരക്കും കൂടും. ഭൂ വിനിയോഗത്തിന് അനുസരിച്ച് നികുതി നിരക്ക് ക്രമീകരിക്കണമെന്ന നിര്‍ദ്ദേശം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിൽ ഉണ്ട്. നടപ്പാക്കണമെങ്കിൽ റവന്യു വകുപ്പിന്റെ സഹകരണം കൂടി വേണം. സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കണക്കാക്കുന്നതിൽ വലിയ അശാസ്ത്രീയത നിലവിലുണ്ട്. മാറിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് ന്യായവില പുനര്‍നിര്‍ണ്ണയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു വര്‍ഷത്തിനിടെ കമ്മിറ്റി ഒരിക്കലോ മറ്റോ യോഗം ചേര്‍ന്നതല്ലാതെ ഒന്നും നടന്നിട്ടില്ല. ഭൂമിയുടെ ന്യായ വിലയുടെ നിശ്ചിത ശതമാനമായി നികുതി നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം ഏറെ കാലമായി ധനവകുപ്പിന് മുന്നിലുണ്ടെങ്കിലും അതും പരിഗണിക്കാൻ ഇടയില്ലെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam