ഇടുക്കി സത്രം എയർ സ്‌ട്രിപ്പിന്‍റെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു; ഷോൾഡറിന്‍റെ ഭാഗം ഒലിച്ചു പോയി

By Web TeamFirst Published Jul 18, 2022, 7:10 AM IST
Highlights

നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമായത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്.

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്‍റെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗം ഒലിച്ചു പോയി. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമായത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് സത്രം എയർ സ്ട്രിപ്പിലെ വൻ മണ്ണിടിച്ചിലിന് കാരണമായത്. റൺവേയുടെ വലത് ഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിന്‍റെ ഒരു ഭാഗവും തകർന്നു. നൂറ് മീറ്ററിലധികം നീളത്തൽ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് ഇടിഞ്ഞ് താണത്. ഇടിഞ്ഞ് പോയതിന്‍റെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്. കുന്നിടിച്ചു നിരത്തി നിർമ്മിച്ച റൺവേയ്ക്ക് മതിയായ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തത്താണ് മണ്ണിടിച്ചിലിന് കാരണം. മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇത് തടുന്നതിനുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. ഒപ്പം റൺവേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയില്ല. വൻതോതിൽ  വെള്ളം കെട്ടിക്കിടന്നതും മണ്ണിടിച്ചിലിനു കാരണമായി.

Also Read : മഴയില്‍ ഇടിഞ്ഞ് താഴ്ന്ന് സത്രം എയർ സ്ട്രിപ്പ്; ഇടുക്കിയില്‍ വിമാനമിറങ്ങാന്‍ സമയമെടുക്കും

മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാൻ ഇവിടെ കയർ ഭൂ വസ്ത്രം വിരിച്ച് പുല്ല് നട്ടു പിടിപ്പിക്കാൻ 42 ലക്ഷം രൂപക്ക് കരാർ നൽകിയിരുന്നു. എന്നാൽ വനംവകുപ്പ് അനുമതി നൽകാത്തതിനാലും പൊതുമരാമത്ത് വകുപ്പിൻറെ അലംഭാവം മൂലവും പണികൾ നടന്നില്ല. ഫലത്തിൽ 12 കോടി രൂപ മുടക്കി എൻസിസിക്കായി നിർമ്മിച്ച റൺവേയിൽ അടുത്തെങ്ങും വിമാനമിറക്കാൻ കഴിയില്ല. ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെങ്കിൽ കോടികൾ ചെലവഴിക്കേണ്ടി വരും. ഒപ്പം പണികൾക്കും മാസങ്ങൾ വേണ്ടി വരും. 

നിലവിൽ 650 മീറ്റർ റൺവേയാണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തേ രണ്ട് തവണ എയർ സ്ട്രിപ്പിൽ വാമാനമിറക്കാൻ നോക്കിയെങ്കിലും ശ്രമം വിഫലമായിരുന്നു. എയ‍ർ സ്ട്രിപ്പിന് സമീപത്തുള്ള മൺത്തിട്ട കാരണം ലാൻഡിം​ഗ് നടത്താൻ വിമാനത്തിനായിരുന്നില്ല. റൺവേയുടെ നീളം കൂട്ടിയ ശേഷം വീണ്ടും ട്രയൽ റൺ നടത്തുമെന്ന് കരുതിയിരിക്കെയാണ് മഴക്കെടുതിയിൽ ഈ വലിയ നാശനഷ്ടം. 

click me!