
കൊച്ചി : കഴിഞ്ഞ മൂന്ന് ദിവസത്തിൽ രണ്ട് ഉരുൾപൊട്ടലുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയതത്. 2019 ന് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഉരുൾപ്പൊട്ടൽ നാശം വിതക്കുന്നു.കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സംഭവിച്ച മാറ്റങ്ങളാണ് ഈ മിന്നൽ പ്രളയങ്ങൾക്ക് കാരണമാകുന്നത്
കിഴക്കൻ മലയോരങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായി ഓരോ മഴയത്തും അപകട ഭീതിയിലാണ്.അപൂർവ പ്രതിഭാസമായിരുന്ന ഉരുൾപ്പൊട്ടലുകൾ ഇപ്പോൾ വർഷാ വർഷം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.മേഘ വിസ്ഫോടനം ,ലഘുമേഘവിസ്ഫോടനം, നമ്മുടെ മലയോരങ്ങളിലെ ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, ഇവയാണ് പേമാരിക്കാലത്ത് നമ്മുടെ മലകളെടുക്കുന്നത്.
അന്തരീക്ഷത്തിൽ ചൂട് കൂടുന്നത് കാരണം സമുദ്രോഷ്മാവ് കൂടി ബാഷ്പീകരണം വേഗത്തിലാകുകയാണ്.അറബികടലിൽ ഇങ്ങനെ രൂപപ്പെടുന്ന മഴമേഘങ്ങളെ കാറ്റ് കൊണ്ട് എത്തിക്കുന്നത് പശ്ചിമഘട്ടത്തിലെ നമ്മുടെ മലയോരങ്ങളുടെ ആകാശത്താണ്.അങ്ങനെ മഴ മേഘങ്ങൾ കൂമ്പാര മേഘങ്ങളാകുന്നു.ഒപ്പം നമ്മുടെ അന്തരീക്ഷത്തിലെ ഇർപ്പം നിറഞ്ഞ വായുപ്രവാഹം മുകൾതട്ടിലേക്ക് ഉയർന്ന് ഘനീഭവിക്കുമ്പോഴും വലിയ ബലുണുകൾ പോലെ മഴമേഘങ്ങൾ കൂമ്പാരമാകുന്നു.
മണിക്കൂറിൽ പത്ത് സെന്‍റിമീറ്റർ മഴപെയ്താൽ അത് മേഘവിസ്ഫോടനമാണ്.അത്യന്തം അപകടകാരി. മണിക്കൂറിൽ അഞ്ച് സെന്‍റിമീറ്ററാണ് മഴ പെയ്യുന്നതെങ്കിൽ അത് ലഘുമേഘവിസ്ഫോടനം.
കനത്ത മഴ , അതീവ ദുർബലമായി കൊണ്ടിരിക്കുന്ന മലയോരങ്ങളിൽ പെയത് ഇറങ്ങുമ്പോഴാണ് പ്രശ്നം.ഇത്രയം വെള്ളം താഴെക്ക് ഒഴുകുമ്പോൾ പണ്ടൊക്കെ തടയാൻ വൻ മരങ്ങളുണ്ടായിരുന്ന കാട്ടുചോലകൾ വിസ്തൃതമായിരുന്നു. പതിനഞ്ചും ഇരുപതും മണിക്കൂർ കൊണ്ട് ഒഴുകി പുഴയോട് ചേർന്നിരുന്ന ഈ വെള്ളം ഇപ്പോൾ മൂന്നും നാലും മണിക്കൂർ കൊണ്ട് മഴവെള്ളപാച്ചിലായി താഴെക്ക് പതിക്കുന്നു.
ക്വാറി പ്രവർത്തനങ്ങളിലും കൃഷി ആവശ്യങ്ങളിലും രൂപ പെടുന്ന ജല സംഭരികൾ ഈ മിന്നൽപ്രളയത്തിൽ ജലബോംബാകും, വൻ മരങ്ങൾ വെട്ടി മാറ്റി നാണ്യവിള കൃഷിയുടെ വ്യാപനം, തുറസായികൊണ്ടിരിക്കുന്ന ഭൂപ്രകൃതി ഇവകാരണം താഴെക്കുള്ള ഒഴുക്കും മണ്ണൊലിപ്പും ശക്തമാകുന്നതോടെ ഉരുൾപൊട്ടലായി.
2019ൽ കവളപ്പാറ, 2020ൽ പെട്ടിമുടി,2021ൽ കൂട്ടിക്കൽ,2022ൽ കണിച്ചാർ.മേഘവിസ്ഫോടനമല്ല ലഘുമേഘവിസ്ഫോടനങ്ങളിലാണ് ഈ ദുരന്തങ്ങൾ സംഭവിച്ചതെന്ന് ഓർക്കണം.മേഘവിസ്ഫോടനമാണെങ്കിലും ലഘുമേഘവിസ്ഫോടനമാണെങ്കിലും മൂന്ന് മണിക്കൂർ മുമ്പ് വരെ പ്രവചനങ്ങൾ സാധ്യമാണെന്നതാണ് ഈ കാലാവസ്ഥ അടിയന്തരാവസ്ഥയിലും ആശ്വാസകരം.ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുമ്പോൾ തന്നെ മലയോരങ്ങളിൽ ജാഗ്രതവേണം എന്ന് പറയുന്നതും ഇതുകൊണ്ടാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam