പിടിച്ചാൽ പിഴ ഈടാക്കി വിടണം, പതിച്ച് തന്ന ഭൂമിയിൽ ക്വാറികൾക്ക് ലൈസൻസ് വേണം: ചെങ്കൽ ക്വാറി ഉടമകൾ സമരത്തിൽ

By Web TeamFirst Published Feb 1, 2023, 9:37 AM IST
Highlights

പിടിക്കപ്പെടുന്ന ലോറികള്‍ക്ക് ഉടന്‍ പിഴ ചുമത്തുകയല്ല നിലവിൽ ഉദ്യോഗസ്ഥർ ചെയ്യുന്നത്. പകരം താലൂക്ക് ഓഫീസിലോ, വില്ലേജ് ഓഫീസുകളിലോ വാഹനം മാസങ്ങളോളം പിടിച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ ചെങ്കല്‍ ക്വാറികൾ അനിശ്ചിതകാല പണിമുടക്കില്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്വാറികള്‍ അടച്ചിട്ടാണ് ക്വാറി ഉടമകൾ സമരം ചെയ്യുന്നത്. തങ്ങളുന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ ചെങ്കല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന നിലപാടിലാണ് ഉടമകള്‍ ഉള്ളത്. പതിച്ചു നല്‍കിയ ഭൂമിയില്‍ ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയെന്നതാണ് ക്വാറി ഉടമകളുടെ ഒരു ആവശ്യം. ലൈസന്‍സിന്‍റെ പേരില്‍ ഭീമമായ പിഴ ചുമത്തുന്നത് നിര്‍ത്തിവയ്ക്കണമെന്നും ചെങ്കല്‍ ക്വാറി ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്.

പിടിക്കപ്പെടുന്ന ലോറികള്‍ക്ക് ഉടന്‍ പിഴ ചുമത്തുകയല്ല നിലവിൽ ഉദ്യോഗസ്ഥർ ചെയ്യുന്നത്. പകരം താലൂക്ക് ഓഫീസിലോ, വില്ലേജ് ഓഫീസുകളിലോ വാഹനം മാസങ്ങളോളം പിടിച്ചിടും. ഇത് ചെങ്കല്‍ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സമീപനമാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ച് വ്യവസായ മന്ത്രി പി രാജീവിനെ അടക്കം നേരിൽ കണ്ടെന്നും എന്നാൽ യാതൊരു നടപടിയും തങ്ങളുന്നയിച്ച പരാതികളിൽ ഉണ്ടായില്ലെന്നും ചെങ്കൽ ക്വാറി ഉടമകൾ പറയുന്നു. ഇതോടെയാണ് ഇവർ ക്വാറികൾ അടച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്.

ചെങ്കൽ ക്വാറികൾ അടച്ചിടുന്നത് സംസ്ഥാനത്ത് നിർമ്മാണ മേഖലയെ സാരമായ നിലയിൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും. എങ്കിലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സംസ്ഥാനത്തെ ചെങ്കൽ ക്വാറി ഉടമകൾ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

click me!