
ദില്ലി: എസ്എൻസി ലാവ്‍ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. രണ്ടാഴ്ചത്തേക്കാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്. ഊർജ്ജ വകുപ്പിലെ മുൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്. പ്രധാനപ്പെട്ട ചില രേഖകൾ നൽകാനുണ്ടെന്നും കേസ് മാറ്റിവെക്കണമെന്നുമായിരുന്നു എ ഫ്രാൻസിസിന്റെ ആവശ്യം. ഇനി കേസ് മാറ്റിവെയ്ക്കാൻ അഭിഭാഷകര്‍ ആവശ്യപ്പെടരുതെന്ന് സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന വാദവുമായി കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ള മുൻ ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനക്ക് എത്തിയത്.
ലാവ് ലിൻ കേസ് സുപ്രിം കോടതി വീണ്ടും മാറ്റി വെച്ചതിനു പിന്നിലെ വൻ ശക്തി അദാനിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രധാനമന്ത്രിയെ സ്വാധീനിക്കാൻ കഴിയുന്ന ശക്തികളിൽ ഒരാളാണ് അദാനിയെന്ന് എല്ലാവര്‍ക്കും അറിയാം. മോദി - പിണറായി കൂട്ടുകെട്ടിന്‍റെ ഇടനിലക്കാരനാണ് അദാനി. ഈ സഹായത്തിനു പാരിതോഷികമായാണ് അദാനിയുമായി സംസ്ഥാന സർക്കാരിൻറെ വഴി വിട്ടള്ള വൈദ്യുതി കരാർ എന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam