എൽഡ‍ിഎഫ്-ബിജെപി 'ഡീൽ' ആക്രമണവുമായി ഖർഗെയും, കേരളത്തിൽ അന്തർധാര സജീവം; 'യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്‍റിയും നടപ്പാക്കും'

Published : Mar 25, 2026, 07:36 PM IST
Mallikarjun Kharge

Synopsis

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ചു. പിണറായി സർക്കാർ കേരളത്തെ തകർത്തുവെന്നും മയക്കുമരുന്ന് കേന്ദ്രമാക്കിയെന്നും വിമർശിച്ച അദ്ദേഹം, യുഡിഎഫ് അധികാരത്തിൽ വരുമെന്നും എല്ലാ ഗ്യാരന്റികളും നടപ്പാക്കുമെന്നും ഉറപ്പുനൽകി

കോഴിക്കോട്: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. കേരളത്തിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നാണ് ഖർഗെ പറഞ്ഞുവച്ചത്. സി പി എമ്മിന് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബി ജെ പി ശക്തരായ സ്ഥാനാർഥികളെ നിർത്താത്തത്. എൽ ഡി എഫ് ജനങ്ങൾക്ക് ഒപ്പമല്ല, ബി ജെ പിക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും ഖർഗെ വിമർശിച്ചു. മാറ്റം വേണമെങ്കിൽ യു ഡി എഫിന് വോട്ട് ചെയ്യണം. വീണ്ടും ഇടത് പക്ഷം വന്നാൽ കേരളം തകരുമെന്നും കോൺഗ്രസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

മയക്കുമരുന്ന് കേസിൽ കേരളം രണ്ടാം സ്ഥാനത്ത്

കഴിഞ്ഞ 10 വർഷമായി കേരളത്തിൽ വികസനങ്ങളൊന്നും നടക്കുന്നില്ലെന്നും ബാറുകളുടെ എണ്ണം കൂട്ടിയതും കടബാധ്യത വർദ്ധിപ്പിച്ചതുമാണ് സർക്കാരിന്റെ നേട്ടമെന്നും ഖർഗെ പരിഹസിച്ചു. കേരള മോഡൽ തകർത്ത പിണറായി സർക്കാർ സംസ്ഥാനത്തെ മയക്കുമരുന്ന് കേന്ദ്രമാക്കി മാറ്റിയെന്ന് ഖർഗെ കുറ്റപ്പെടുത്തി. മയക്കുമരുന്ന് കേസിൽ കേരളം രണ്ടാം സ്ഥാനത്ത് എത്തിയെന്നും ഖർഗെ വിമർശിച്ചു. ആരോഗ്യ മേഖല തകരുകയും യോഗ്യതയില്ലാത്തവരെ പിൻവാതിലിലൂടെ ജോലിയിൽ തിരുകിക്കയറ്റുകയും ചെയ്യുന്നു. ശബരിമല വിഷയത്തിൽ പോലും ഭക്തരെ സർക്കാർ വഞ്ചിച്ചു. ശബരിമലയിൽ ദൈവത്തെ പോലും വെറുതെ വിട്ടില്ല. സ്വർണക്കൊള്ള നടത്തിയ പ്രതികൾക്ക് മുഴുവൻ രക്ഷപെടാൻ സർക്കാർ അവസരം നൽകിയെന്നും ഖർഗെ വിമർശിച്ചു. വിദേശത്തുനിന്ന് മടങ്ങി വരുന്ന പ്രവാസികൾക്കായി ഒരു പദ്ധതിയും സർക്കാരിന്റെ പക്കലില്ല. ലയണൽ മെസ്സി വരുമെന്ന് പറഞ്ഞ് യുവാക്കളെ പറ്റിച്ച സർക്കാർ കായിക പ്രേമികളെ നിരാശപ്പെടുത്തിയെന്നും യു ഡി എഫ് അധികാരത്തിൽ വന്നാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

യു ഡി എഫ് അധികാരത്തിലേറുമെന്നും കോൺഗ്രസ് നൽകുന്ന എല്ലാ ഗ്യാരന്റികളും നടപ്പിലാക്കുമെന്നും ഖർഗെ പ്രഖ്യാപിച്ചു. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങൾ മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബി ജെ പിയെയും സി പി എമ്മിനെയും ഒരുപോലെ നേരിടാൻ യു ഡി എഫിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആഭ്യർത്ഥിച്ചു. കോഴിക്കോട് നടത്തിയ വമ്പൻ റാലിയിൽ ഷാഫി പറമ്പിലായിരുന്നു ഖർഗെയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരളത്തിൽ സിപിഎം-ബിജെപി ഡീൽ'; സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം ആവർത്തിച്ച് രാഹുൽ​ ​ഗാന്ധിയും
ഇടത് കോട്ടയിൽ വിള്ളൽ വീഴുമോ? രണ്ടും കൽപ്പിച്ച് യുഡിഎഫ്; നിര്‍ണായക ശക്തിയാകാൻ ബിജെപി, കോങ്ങാട് രാഷ്ട്രീയ ചൂടേറുന്നു