'തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ സ്ഥാനാർത്ഥിയെ കൊവിഡ് രോഗിയാക്കി', ആരോപണവുമായി യുഡിഎഫ്

By Web TeamFirst Published Nov 27, 2020, 1:31 PM IST
Highlights

കോഴിക്കോട്ടെ മൂന്ന് സ്വകാര്യ ലാബുകളിലായി നടത്തിയ മൂന്നു ടെസ്റ്റുകളിലും സജിനിക്ക് കൊവിഡ് നെഗറ്റീവെന്ന ഫലമാണ് വന്നത്.

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ സ്ഥാനാർത്ഥിയെ കൊവിഡെന്ന് പറഞ്ഞ് ആശുപത്രിയിലാക്കിയെന്ന പരാതിയുമായി യുഡിഎഫ്. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നടത്തിയ പരിശോധനയില്‍ അട്ടിമറി നടന്നെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. എന്നാല്‍ എല്‍ഡിഎഫ് ആരോപണം നിഷേധിച്ചു.

തലക്കുളത്തൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ്  സ്ഥാനാർത്ഥി സജിനി ദേവരാജനെയാണ് കൊവിഡ് പോസിറ്റീവ് ഫലം വന്നതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 20ന് ആശുപത്രിയിലേക്ക് മാറ്റിയത്. മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തിലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നടത്തിയ പരിശോധനയിലായിരുന്നു സജിനിക്ക് കൊവിഡെന്ന് ഫലം വന്നത്. കൊവിഡ് ബാധിച്ച സജിനിയുടെ മകനെ ആശുപത്രിയിലേക്ക് മാറ്റാതിരുന്ന പഞ്ചായത്ത് ആരോഗ്യ വിഭാഗം സജിനിയെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയതാണ് യുഡിഎഫ് പ്രവര്‍ത്തകരില്‍ സംശയം സൃഷ്ടിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടെ മൂന്ന് സ്വകാര്യ ലാബുകളിലായി നടത്തിയ മൂന്നു ടെസ്റ്റുകളിലും സജിനിക്ക് കൊവിഡ് നെഗറ്റീവെന്ന ഫലമാണ് വന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന തലക്കുളത്തൂരിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കോൺഗ്രസ് ആരോപണം.

സ്ഥാനാര്‍ത്ഥിക്ക് കൊവിഡെന്ന നിലയില്‍ വാര്‍ഡില്‍ ഇടതുമുന്നണി വലിയ പ്രചാരണം നടത്തുന്നുവെന്നും പരാതിയുണ്ട്.
ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നൽകി. ഒത്തുകളിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. എന്നാൽ തീർത്തും അടിസ്ഥാന രഹിതമായ ആരോപണമെന്നാണ് എൽഡിഎഫ് മറുപടി.

click me!