ആരോഗ്യ രംഗത്ത് വമ്പന്‍ നേട്ടങ്ങളെന്ന് എല്‍ഡിഎഫ്, ഒ.പി. രജിസ്‌ട്രേഷന്‍ കൂടി, ചെലവ് കുറഞ്ഞു

Published : Apr 07, 2026, 12:58 PM IST
veena george

Synopsis

കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടായതായി എൽഡിഎഫ് . പുതിയ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികളിലെ വർധിച്ച ഒ.പി, കുറഞ്ഞ ചികിത്സാ ചെലവ്, കരൾ മാറ്റിവയ്ക്കൽ പോലുള്ള സൗജന്യ ചികിത്സകൾ എന്നിവ പ്രധാന നേട്ടങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നു. 

10 വര്‍ഷം നീണ്ട ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തില്‍ ആരോഗ്യ മേഖലയില്‍ വമ്പന്‍ മാറ്റങ്ങളുണ്ടായതായി എല്‍ഡിഎഫ്. പൊതുജനാരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശവാദം. 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി. റെജിസ്‌ട്രേഷന്‍ 80 ശതമാനം കൂടി. ചികിത്സാ ചെലവില്‍ 60 ശതമാനം കുറവുണ്ടായി. കോന്നി, ഇടുക്കി, കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കി. 2015-16 കാലയളവില്‍ 8.3 കോടി ആളുകളാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പിയില്‍ എത്തിയിരുന്നതെങ്കില്‍ 2024-25 കാലയളവില്‍ അത് 12.63 കോടിയായി ഉയര്‍ന്നു. ഇതൊക്കെയാണ് എല്‍ഡിഎഫ് അവകാശവാദങ്ങള്‍.

ഒരുകാലത്ത് സ്വകാര്യ ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന പല സൗകര്യങ്ങളും ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണെന്ന് ഇടതുപക്ഷം പറയുന്നു. മിക്ക ജില്ലകളിലും സൗജന്യ ഡയാലിസിസ് നടത്തുന്നു. പത്തുവര്‍ഷം മുന്‍പ് 8 ഗവ. ആശുപത്രികളില്‍ മാത്രമാണ് ഡയാലിസിസ് നടന്നിരുന്നതെങ്കില്‍ ഇപ്പോഴത് 123 ഇടത്താണ്. 64,000 ഡയാലിസിസുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഓരോ മാസവും നടക്കുന്നതെന്ന് എല്‍ഡിഎഫ് പറയുന്നു.

സ്വകാര്യ മേഖലയില്‍ 40 ലക്ഷത്തിലധികം ചെലവ് വരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായോ മിതമായ നിരക്കിലോ നടക്കുന്നതായി എല്‍ഡിഎഫ് പറയുന്നു. 2022 ഫെബ്രുവരിയില്‍ കോട്ടയം മെഡി. കോളേജില്‍ നടന്ന ശസ്ത്രക്രിയ വിജയമായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡി. കോളേജിലും നടത്തിയിരുന്നു. ഹൃദ്യം പദ്ധതിയിലൂടെ 8800ലധികം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. തിരുവനന്തപുരം മെഡി. കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചതും ഇക്കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

12 കാത്ത് ലാബുകള്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവക്കല്‍ ശസ്ത്രകിയ, മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലുമായി പ്രതിമാസം 1500-ലധികം ആന്‍ജിയോപ്ലാസ്റ്റികള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ എടുത്തു കാണിക്കുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തിയത് കേരളത്തിലാണെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നു.

ആശുപത്രി നവീകണത്തിലും കാര്യമായ ഇടപെടലുകള്‍ ഉണ്ടായതായി എല്‍ഡിഎഫ് അവകാശപ്പെടുന്നു. ആകെ 885 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 740 എണ്ണവും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. 152 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 105 എണ്ണം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 17 എണ്ണത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. 17 ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 14 എണ്ണത്തിന്റെയും ഒ.പി നവീകരണം പൂര്‍ത്തിയായി.

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ആഗോള മരണനിരക്ക് 97 ശതമാനം ആണെങ്കില്‍ കേരളത്തില്‍ അത് 25 ശതമാനം മാത്രമാണെന്നും നിപ രോഗബാധയില്‍ മരണനിരക്ക് ലോകത്ത് ആദ്യമായി 33% ആയി കുറച്ചത് ഇവിടെയാണെന്നും മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ആര്‍സിസിയിലും എംസിസിയിലും കാന്‍സറിന് റോബോട്ടിക് സര്‍ജറി തുടങ്ങിയത് ഇക്കാലത്താണ്. പീഡിയാട്രിക് റോബോട്ടിക് സര്‍ജറി ആര്‍സിസിയില്‍ ആരംഭിച്ചുവെന്നും സര്‍ക്കാര്‍ പറയുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിനെ 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ച്ച് ആയി ഉയര്‍ത്തിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. കാന്‍സര്‍ ചികിത്സാ രംഗത്ത് എല്ലാ ജില്ലകളിലും മാമോഗ്രാം, ബയോപ്‌സി, പാപ്‌സ്മിയര്‍ സംവിധാനമൊരുക്കിയതതായും എല്‍ഡിഎഫ് അവകാശപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വൻ ഒരുക്കങ്ങൾ പൂർത്തിയായി; ഏപ്രിൽ 9ന് ശമ്പളത്തോടുകൂടിയ അവധി, ഏപ്രിൽ 29 വരെ എക്സിറ്റ് പോളുകൾക്ക് വിലക്ക്
കേരളത്തിൽ 219 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി; 335 ചാർജറുകൾ സ്ഥാപിക്കും