
കണ്ണൂർ : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുന്നു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ, കണ്ണൂരിൽ വോട്ടിടും മുമ്പ് ഇടതിന് മേൽക്കെ. 9 ഇടത്ത് എൽഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ട് സ്ഥാനാർത്ഥികൾക്ക് എതിരില്ല. 12 ആം വാർഡിലെ ഇടത് സ്ഥാനാർത്ഥി ഷിഗിനക്കെതിരായ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. പഞ്ചായത്തിലെ മറ്റ് രണ്ടുവാർഡുകളിലെ ഇടത് സ്ഥാനാർത്ഥികൾക്കും എതിരാളികളില്ലായിരുന്നു. കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡിലെ ഇടത് സ്ഥാനാർത്ഥി പ്രേമ സുരേന്ദ്രൻറെയും മൂന്നാം വാർഡിലെ ഇടത് സ്ഥാനാർത്ഥി കെവി സജിനയുടേയും എതിരാളികളുടെ പത്രികകൾ തള്ളി. ഇവിടെ രണ്ട് ഇടങ്ങളിലും ഇടതിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ ഇടത് സ്ഥാനാർത്ഥികൾക്കെതിരെ ആരും പത്രിക നൽകിയിരുന്നില്ല. ആന്തൂരിൽ സ്ഥാനാർത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്നാണ് കോൺഗ്രസ് പരാതി. കലക്ടർ സിപിഎമ്മിനെ സഹായിക്കുകയാണെന്നും കോൺഗ്രസ് ആരോപണം. സ്ഥാനാർത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ് ആരോപിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്തിൽ കടമക്കുടി ഡിവിഷനിലും കല്പറ്റ നഗരസഭയിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളി. കോൺഗ്രസിന്റെ ട്രാൻസ് വുമൺ സ്ഥാനാർത്ഥികളായ അമേയ പ്രസാദിൻറേയും അരുണിമ കുറുപ്പിൻറെയും പത്രികകൾ സ്വീകരിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് വൻ തിരിച്ചടിയാണ്. ജയം ഉറപ്പിച്ച കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൽസി ജോർജ്ജിൻറെ പത്രിക തള്ളി. ഡിവിഷന് പുറത്തുള്ള വ്യക്തികൾ പേര് നിർദ്ദേശിച്ചതാണ് വിനയായത് . ഇവിടെ യുഡിഎഫിന് ഡമ്മി സ്ഥാനാർത്ഥി ഇല്ല. ഇതോടെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലായി. കല്പറ്റ നഗരസഭയിൽ അധ്യക്ഷ സ്ഥാനാർത്ഥി കെജി രവീന്ദ്രൻറെ പത്രിക തള്ളിയതും യുഡിഎഫിന് ആഘാതമായി. പിഴ അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളിലെ അവ്യക്തതയാണ്. ഇവിടെ ഡമ്മി സ്ഥാനാർത്ഥി പ്രഭാകരൻറെ പത്രിക സ്വീകരിച്ചു.
തിരുവനന്തപുരം പോത്തൻകോടും ആലപ്പുഴ വയലാറിലും കോൺഗ്രസിൻറെ രണ്ട് ട്രാൻസ് സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചത് പാർട്ടിക്ക് ആശ്വാസമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിലെ അമേയ പ്രസാദിൻറെ പത്രിക സ്വീകരിച്ചു. വനിതാ സംവരണ വാർഡിൽ ട്രാൻസ് വിഭാഗത്തിന് മത്സരിക്കാമോ എന്ന അവ്യക്തത മാറ്റിയാണ് പത്രിക സ്വീകരിച്ചത്.
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാർ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി അരുണിമ എം കുറുപ്പിൻറെ പത്രികയും സ്വീകരിച്ചു. രേഖകളിൽ സ്ത്രീ എന്ന് രേഖപ്പെടുത്തിയതിനാൽ വനിതാ സംവരണ വാർഡിൽ മത്സരിക്കുന്നതിന് തടസ്സമില്ലെന്നാണ് കണ്ടെത്തൽ.
പാലക്കാട് നഗരസഭയിൽ എൽഡിഎഫിൻറെ രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പ് കണക്ക് നൽകാത്തതാണ് കാരണം. കോട്ടയം പാമ്പാടി 9 -ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി രമണി മത്തായിയുടെ പത്രിക തള്ളി. തൃശൂർ ശ്രീനാരായണപുരം പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥി ഇഎസ് ഷൈബിയുടെ പത്രിക ജാതി സർട്ടിഫിക്കറ്റ് വെക്കാത്തതിനാൽ സ്വീകരിച്ചില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam