
കോട്ടയം: ഒരു വർഷം മുമ്പ് നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെ റെയിലായിരുന്നു ഇടതുമുന്നണിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ അജണ്ട. എന്നാൽ, കെ റെയിൽ കടന്ന് പോകുന്ന മേഖലകൾ പുതുപ്പള്ളി മണ്ഡലത്തിൽ ഉണ്ടായിട്ടും പദ്ധതിയെ പറ്റി പുതുപ്പള്ളിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ ആരും ഒരക്ഷരം മിണ്ടുന്നില്ല. ഉപതെരഞ്ഞെടുപ്പ് ബഹളങ്ങൾക്കിടയിൽ ഇന്ന് കെ റെയിൽ വിരുദ്ധ സമരത്തിന്റെ അഞ്ഞൂറാം ദിനാചരണവും കോട്ടയത്ത് നടന്നു.
ഒരു വർഷം മുമ്പ്, തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു കെ റെയില്‍ വരുമെന്ന പിണറായി വിജയന്‍റെ മാസ് ഡയലോഗ്. തൃക്കാക്കരയിൽ കൈ പൊള്ളിയതിന്റെ അനുഭവം കൊണ്ടാവാം കെ റെയിൽ കടന്നു പോകുന്ന പ്രദേശങ്ങൾ ഉള്ള മണ്ഡലമായിട്ട് കൂടി കെ റെയിലിനെ കുറിച്ച് പുതുപ്പള്ളിയിൽ ഇടതു നേതാക്കളാരും കാര്യമായൊന്നും മിണ്ടുന്നില്ല. ഇനി അഥവാ ആരെങ്കിലും അതേ പറ്റി ചോദിച്ചാൽ തന്നെയും തന്ത്രപൂർവമാണ് ഇടതു നേതാക്കളുടെ മറുപടി. നേതാക്കള്‍ ആരും പറയുന്നില്ലെങ്കില്‍ നിങ്ങളെന്തിനായി പറയിപ്പിക്കുന്നത് എന്നായിരുന്നു കെ റെയിലിനെ കുറിച്ചുള്ള ചോദ്യത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ പ്രതികരണം.
കെ റെയിലിനെപ്പറ്റി പുതുപ്പള്ളിയില്‍ മിണ്ടാതെ ഇടത് നേതാക്കള്‍
കെ റെയില്‍ വരുമെന്നോ ഇല്ലെന്നോ പറയാതെ ഇടത് നേതാക്കൾ ഒഴിഞ്ഞ് മാറുമ്പോഴും മഞ്ഞക്കുറ്റിക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് നടപടി നേരിടേണ്ടിവന്ന ഒരു വിഭാഗം നാട്ടുകാർ മാടപ്പള്ളിയിൽ ഇപ്പോഴും സമരത്തിലാണ്. സമരത്തിൻ്റെ 500 ദിനാചരണം ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സമരവേദിയിൽ പ്രതിപക്ഷ നേതാവ് ആവർത്തിക്കുകയും ചെയ്തു.