
കൂടുതല്‍ അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ വരുമ്പോള്‍ തുടര്‍ഭരണത്തിന് സാധ്യത തെളിയുന്നതായി എല്‍ഡിഎഫ്. കേരളത്തിലെ വിവിധ മാധ്യമങ്ങളുടെ സര്‍വേഫലങ്ങളില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് 49.82% പേര്‍ ആണെന്നാണ് ഓണ്‍മനോരമയുടെ ഏറ്റവും പുതിയ പോള്‍. കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് എല്‍ഡിഎഫ് ഉറച്ച് വിശ്വസിക്കുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ വികസനക്കുതിപ്പ് എടുത്തുകാട്ടിയാണ് എല്‍ഡിഎഫ് ജനവിധി തേടുന്നത്. ദേശീയപാത 66-വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ പിണറായി സര്‍ക്കാര്‍ 5,580 കോടി രൂപയാണ് ചെലവഴിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലൈഫ് മിഷന്‍ ഭവന പദ്ധതി എന്നിവ ഈ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളായി എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നു. വയനാട് തുരങ്ക പാതയടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും, ഇതേ വികസനക്കുതിപ്പ് നിലനിര്‍ത്താനും തുടര്‍ഭരണം വേണമെന്നാണ് എല്‍ഡിഎഫും വാദിക്കുന്നത്.
രാജ്യത്തെ ആദ്യ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാണ് കേരളം. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതായി 2025 നവംബര്‍ 1ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 60 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍, സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിചരണ രംഗത്തെ നേട്ടങ്ങള്‍ എന്നിവയെല്ലാം ഭരണത്തുടര്‍ച്ചയ്ക്കുള്ള വാദങ്ങളായി എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നു. തൂക്കുസഭ പദ്ധതികളുടെ വേഗത കുറയ്ക്കുകയും ഉത്തരവാദിത്തം ഇല്ലാതാക്കുകയുമാണ് ചെയ്യുകയെന്നും എല്‍ഡിഎഫ് വാദിക്കുന്നു.
അഞ്ച് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പ്രായോഗിക പദ്ധതികളായി മാറിയതായി വ്യവസായ മന്ത്രി പി രാജീവ് സൂചിപ്പിക്കുന്നു. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 4,06,606 പുതിയ സംരംഭങ്ങളും 8.66 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. നീതി ആയോഗിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയിലും എസ്.ഡി.ജി (SDG) ഇന്ത്യ സൂചികയിലും കേരളം മുന്നിലെത്തിയതായി എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. പെരുമ്പാവൂരില്‍ പുരോഗമിക്കുന്ന വി-ഗാര്‍ഡിന്റെ പുതിയ ഗവേഷണ വികസന ക്യാംപസ് തുടക്കത്തില്‍ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പെരുമ്പാവൂരില്‍ 350 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കാണ് കെയ്ന്‍സ് തുടക്കമിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ഭൂമി ഏറ്റെടുത്താണ് കെയ്ന്‍സിന് സര്‍ക്കാര്‍ കൈമാറിയത്.
ഐ ടി മേഖലയിലെ മാറ്റങ്ങള്‍ക്കുദാഹരണമായി ടെക്‌നോപാര്‍ക്ക് നാലാം ഘട്ടം (ടെക്‌നോസിറ്റി) എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കുന്നു. 389 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഐ ടി സിറ്റി ആഗോള കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു. ടെക്‌നോപാര്‍ക്കില്‍ നിലവില്‍ 500 ലധികം കമ്പനികളും 80,000 പ്രൊഫഷണലുകളുമുണ്ട്. നാലാം ഘട്ടം കൂടി വരുന്നതോടെ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ഐടി തൊഴില്‍ശക്തി ഇരട്ടിയായി മാറുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. സ്‌പേസ് റിസര്‍ച്ച്, എ ഐ, സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയവയ്ക്കായി സ്‌പെഷ്യല്‍ സോണുകള്‍ പദ്ധതിയിലുണ്ട്.
ശബരിമല പോലുള്ള വിഷയങ്ങളോ ബാഹ്യമായ രാഷ്ട്രീയ ആക്രമണങ്ങളോ വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നാണ് ഇടതുപക്ഷം വ്യക്തമാക്കുന്നത്. വൈകാരികതയേക്കാള്‍ പ്രായോഗികതയ്ക്കാണ് ജനങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും വികസനമാണ് പ്രധാനമെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് മുകളില്‍ നില്‍ക്കുന്നതെന്നും എല്‍ഡിഎഫ് പറയുന്നു. കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന സര്‍വ്വേകളിലേറെയും തുടര്‍ഭരണത്തിന് മുന്‍തൂക്കം പ്രവചിക്കുന്നതായി എല്‍ ഡി എഫ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam