Latest Videos

'സംയുക്ത പ്രക്ഷോഭം കൂടിയാലോചിക്കാതെ', മുല്ലപ്പള്ളിക്കും ആർഎസ്‍പിക്കും കടുത്ത അതൃപ്തി

By Web TeamFirst Published Dec 16, 2019, 7:57 PM IST
Highlights

മുന്നണിയിൽ വേണ്ടത്ര കൂടിയാലോചിക്കാതെയാണ് സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് എൽഡിഎഫിൽ നിന്ന് യുഡിഎഫിലെത്തിയ ആർഎസ്പി. മുല്ലപ്പള്ളിക്കും സംയുക്ത പ്രക്ഷോഭത്തിൽ വേണ്ടത്ര ചർച്ച നടത്തിയില്ലെന്ന് അഭിപ്രായമുണ്ട്. 

തിരുവനന്തപുരം: വേണ്ടത്ര കൂടിയാലോചനയില്ലാതെ സർക്കാരും ഇടതുമുന്നണിയുമായി ചേർന്ന് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്തതിൽ കോൺഗ്രസ്സിലും യുഡിഎഫിലും കടുത്ത അതൃപ്തി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ആർഎസ്പിയും യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിന്നു. വളരെപ്പെട്ടെന്ന് തീരുമാനിച്ചതാണെന്നും, ഇതിൽ മുന്നണിയിലൊരു കൂടിയാലോചനയ്ക്ക് സമയം കിട്ടിയില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു. രാജ്യമെമ്പാടും വാർത്തയായ, ഭരണ - പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രക്ഷോഭത്തിൽ യുഡിഎഫിനകത്ത് അതൃപ്തി പുകയുകയാണ്. 

സർക്കാരും പ്രതിപക്ഷവും കൈകോർത്തുള്ള സമരം വേറിട്ട പ്രതിഷേധമായി വിലയിരുത്തപ്പെടുകയാണ്. കേരളത്തിലെ പ്രതിഷേധം മാതൃകയാണെന്ന് പല ദേശീയ മാധ്യമങ്ങളും പുകഴ്‍ത്തി. എന്നാലത് പ്രതിപക്ഷചേരിയിലുണ്ടാക്കിയത് വിള്ളലാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സർക്കാറിനെതിരെ ധവളപത്രം പുറത്തിറക്കി വലിയ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കൈ കൊടുത്തുള്ള സമരം വേണ്ടായിരുന്നുവെന്നാണ് കോൺഗ്രസ്സിലെയും യുഡിഎഫിലെയും ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. സംയുക്ത സമരമെന്ന ആശയം മുന്നോട്ട് വെച്ച പ്രതിപക്ഷനേതാവിനെതിരെയാണ് വിമർശനം.

ആദ്യം വിമർശനവുമായി രംഗത്ത് വന്നത് കെ മുരളീധരൻ തന്നെയാണ്. ''ഇതിൽ പാർട്ടിക്ക് അകത്ത് കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല. ഇതൊരു പൊതുവിഷയമാണല്ലോ'', എന്ന് കെ മുരളീധരൻ.

നിയമസഭയിലെ പ്രാതിനിധ്യമുള്ള കക്ഷികളെ മാത്രം സമരത്തിലേക്ക് വിളിച്ചതിലും മുന്നണിക്കുള്ളിൽ അതൃപ്തിയുണ്ട്. അടിയന്തിര യുഡിഎഫ് യോഗം ചേരാൻ തീരുമാനിച്ചത് ശനിയാഴ്ച. യോഗമുണ്ടെന്നറിഞ്ഞിട്ടും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാത്രി കോഴിക്കോട്ടേക്ക് പോയി. സംയുക്ത പ്രതിഷേധത്തിന് എത്തിയതുമില്ല. യോഗത്തിനെത്തിയ കക്ഷികളും കൂടിയാലോചനകളില്ലാതെയുള്ള സമരം ശരിയായില്ലെന്ന് വിമർശിച്ചു.

''ശരിയാണ്, കൂടിയാലോചനയ്ക്ക് മുന്നണിയിൽ സമയം കിട്ടിയിട്ടില്ല. പെട്ടെന്ന് തീരുമാനിച്ചതായിരുന്നു ഈ സമരം'', എന്ന് ചെന്നിത്തല പറയുമ്പോഴും അവിടെ ആ ഭിന്നത ഒതുങ്ങുന്നില്ല എന്നാണ് സൂചന. 

സംയുക്ത സമരത്തെ കുറ്റപ്പെടുത്തിയും പ്രതിപക്ഷനിരയിലെ ഭിന്നത ആയുധമാക്കിയുമായിരുന്നു ബിജെപി പ്രതികരണം. 

''പിണറായി വിജയന്‍റേതാണ് ഈ സമരത്തിനുള്ള ധാർമിക നേതൃത്വമെങ്കിൽ എന്തിനാണ് പ്രതിപക്ഷനേതാവിന്‍റെ വേഷവുമിട്ട്, കുളിച്ച് കുപ്പായവുമിട്ട് രമേശ് ചെന്നിത്തല ഇങ്ങനെ നടക്കുന്നത്?'', എന്ന് കെ സുരേന്ദ്രൻ. 

അതേസമയം, സംയുക്ത സമരം സിപിഎം ഹൈജാക്ക് ചെയ്തെന്ന വിമർശനവും കോൺഗ്രസ് നേതാക്കൾക്കുണ്ട്. പന്തലിൽ ആദ്യം നിരത്തിയ ചുവന്ന നിറത്തിലുള്ള കസേരകൾ കോൺഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം മാറ്റി വെള്ളക്കസേരകൾ കൊണ്ടു വന്നിരുന്നു.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ  ഭരണ - പ്രതിപക്ഷങ്ങൾ വെവ്വേറെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് ജനുവരി 26-ന് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർക്കും. ജനുവരി 6-ന് യുഡിഎഫ് കോഴിക്കോടും എറണാകുളത്തും മതേതരകൂട്ടായ്മ സംഘടിപ്പിക്കും.

click me!