
തലശേരി: പിണറായി സർക്കാർ തീവ്ര വലതുപക്ഷ നിലപാടിലേക്ക് വഴിമാറിയെന്നും നല്ല കമ്മ്യൂണിസ്റ്റുകൾക്കും ഇടതു സഹയാത്രികർക്കും ഈ സർക്കാരിനോട് താല്പര്യമില്ലെന്നും പ്രതിപക്ഷ നേതാവ്. പുതുയുഗ യാത്രയുടെ ഭാഗമായി തലശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടഭരണം നല്ലതല്ലെന്ന കവി സച്ചിദാനന്ദന്റെ പ്രസ്താവന കേരളത്തിലെ പൊതുജന വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ സ്വർണം കവർന്ന കേസിൽ സി.പി.എം വലിയ പ്രതിരോധത്തിലാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പുതുയുഗ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച 'സംവദിക്കാം- പുതുയുഗത്തിനായി' എന്ന പരിപാടിയില്‍ 33 വിഭാഗങ്ങളിലുള്ളവര്‍ അതത് മേഖലകളിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ജനങ്ങളെ ബാധിക്കുന്ന വ്യത്യസ്തമായ വിഷയങ്ങള്‍ ഗൗരവത്തോടെയാണ് യു.ഡി.എഫ് കാണുന്നത്. അത്തരം വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമം നടത്തും. കൃഷിയുമായും വന്യജീവി ആക്രമണങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും വന്നത്. കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. ഉള്‍പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാത്തതും കൃത്യമായ വില കിട്ടാത്തതും സംഭരണം നടന്നാല്‍ തന്നെ കൃത്യ സമയത്ത് പണം ലഭിക്കാത്തതുമൊക്കെ അവരുടെ പ്രശ്‌നങ്ങളാണ്.
ഖാദി ഉള്‍പ്പെടെ പര്മ്പരാഗത മേഖലയിലെ പ്രശ്‌നങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയില്‍ ഉള്‍പ്പെടെ സ്പിന്നിംഗ് മില്‍ പൂട്ടിക്കിടക്കുകയാണ്. എട്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല. തെയ്യം, നാടക, സര്‍ക്കസ് കലാകാരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും സംവാദ പരിപാടിയില്‍ ഉന്നയിക്കപ്പെട്ടു. ഹൈവെ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയുമില്ല. 2018-ല്‍ കിന്‍ഫ്രയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതാണ്. നോട്ടിഫിക്കേഷന്‍ ഇറക്കിയതിനാല്‍ മകളുടെ കല്യാണത്തിന് പോലും ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ സാധിക്കാത്ത അവസ്ഥയാണ്. വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ അവസ്ഥയും ഇതാണ്. സര്‍ക്കാരില്ലായ്മയാണ് എല്ലായിടത്തും. മുഖ്യമന്ത്രിയുടെ ജില്ലയിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പുതുയുഗ യാത്രയുടെ ഭാഗമായി കേരളത്തെ സംബന്ധിക്കുന്ന പരിപാടികള്‍ പ്രഖ്യാപിക്കും. ആരോഗ്യമേഖലയിലെ വിഷന്‍ ഡോക്യുമെന്റ് കോഴിക്കോട് അവതരിപ്പിക്കുന്നത് മുതല്‍ ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്നതു വരെ എവിടയൊക്കെയാണോ സര്‍ക്കാര്‍ പരാജയപ്പെട്ടത് അവിടെയൊക്കെ യു.ഡി.എഫിനുള്ള ബദല്‍ പദ്ധതികള്‍ പ്രഖ്യാപിക്കും. വിദഗ്ധരുടെ സഹായത്തോടെ സാമ്പത്തികവും പാരിസ്ഥിതികവും സാങ്കേതികവുമായ കാര്യങ്ങള്‍ പരിശോധിച്ചാണ് പദ്ധതികള്‍ തയാറാക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ ഒരു യുഗത്തിന് തുടക്കമിടുന്നു എന്ന നിലയില്‍ യാത്രയ്ക്ക് പുതുയുഗ യാത്ര എന്ന പേരിട്ടത്. യാത്ര കണ്ണൂരില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അദ്ഭുതകരമായ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും കണ്ണൂരിലും നല്‍കിയ സ്വീകരണം അവിസ്മരണീയമാണ്.
നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതു സഹയാത്രികര്‍ക്കും ഈ സര്‍ക്കാരിനോട് താല്‍പര്യമില്ല. കവി സച്ചിദാനന്ദന്റെ പ്രസ്താവന ഈ നിഗമനത്തിന് അടിവരയിടുന്നതാണ്. തുടര്‍ഭരണം നല്ലതല്ലെന്നാണ് അദ്ദേഹം പറയുന്നത്. സി.പി.എമ്മിന് ഉണ്ടായ അപചയത്തെ കുറിച്ച് ഏറ്റവും കുടുതല്‍ ബോധവാന്മാര്‍ നല്ല കമ്മ്യൂണിസ്റ്റുകളും ഇടതുസഹയാത്രികരുമാണ്. കേരളത്തില്‍ മൂന്നും നാലും പതിറ്റാണ്ടുകളായി ഇടതു സഹയാത്രികരായിരുന്നവര്‍ ഈ സര്‍ക്കാരിന് തുടര്‍ച്ച ഉണ്ടാകരുതെന്നും ഇവര്‍ ഇടതുപക്ഷത്തില്‍ നിന്നും വഴിമാറി തീവ്രവലതുപക്ഷ നിലപാടുമായി പോകുന്നവരാണെന്നുമാണ് പറയുന്നത്. കേരളത്തിന്റെ പൊതുവികാരമാണ് ഇടതുസഹയാത്രികരും പ്രകടിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിത ബോധമുണ്ട്. അവരെ സംരക്ഷിക്കണമെന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലം മുതല്‍ക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനവും അതുകഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ പ്രീണനവുമാണ് സി.പി.എം നടത്തിയത്. പക്ഷെ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ടും ഇല്ലാത്ത അവസ്ഥയായി. മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ്. അത് അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ബോധ്യമുണ്ട്. ഇടത് പക്ഷ നിലപാടില്‍ നിന്നും സി.പി.എമ്മും സര്‍ക്കാരും തീവ്രവലതുപക്ഷമായി. ബി.ജെ.പിയുടെ രീതിയിലാണ് സി.പി.എം കേരളത്തില്‍ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉണ്ടാക്കാന്‍ നോക്കിയത്. സംഘ്പരിപവാറിന്റെ അതേ പാതയിലാണ് സി.പി.എം പ്രയാണം നടത്തുന്നത്. ഭയങ്കര നട്ടെല്ലും, ഭയങ്കര ഇരട്ടച്ചങ്കുമാണ്. പക്ഷെ അമിത്ഷായും മോദിയും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിട്ട് കൊടുക്കും. അത് കേരളം കണ്ടതാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഫോട്ടോ വന്നതിന്റെ പേരിലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ ഒരു വിരോധവുമില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഫോട്ടോയുള്ള പിണറായി വിജയനെ കൂടി ചോദ്യം ചെയ്യണം. മൂന്ന് സി.പി.എം നേതാക്കളാണ് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുന്നത്. പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ട് എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തട്ടിയെടുത്തെന്ന് ആരോപണം ഉന്നയിച്ച പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുത്തവരാണ് തട്ടിപ്പ് നടത്തി ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാത്തത്. ഇത് എന്തൊരു പാര്‍ട്ടിയാണ്? എസ്.ഐ.ടിക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എത്ര തവണ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ. 2019-ലാണ് മോഷണം നടന്നത്. അന്ന് പിണറായി വിജയനാണ് മുഖ്യമന്ത്രി. അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് ദേവസ്വം പ്രസിഡന്റുമാരാണ് കളവ് നടത്തിയതിന് ജയിലില്‍ കിടക്കുന്നത്. അയ്യപ്പന്റെ സ്വര്‍ണം കട്ടത് സി.പി.എമ്മും സി.പി.എം നേതാക്കളുമാണ്. എന്നിട്ടും പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പോറ്റി കള്ളനാണെന്ന് അറിയുന്നതിന് മുന്‍പ് എടുത്ത ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാള്‍ കള്ളനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് മുഖ്യമന്ത്രി നില്‍ക്കുമോ? സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തി സി.പി.എം പെട്ടിരിക്കുന്ന അബദ്ധത്തില്‍ നിന്നും രക്ഷപ്പെടാമെന്നു കരുതേണ്ട. സ്വര്‍ണം കട്ടത് ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സ്വര്‍ണം കട്ടതിനാണ് മൂന്ന് സി.പി.എം നേതാക്കള്‍ ജയിലില്‍ കിടക്കുന്നത്. അന്വേഷണം മുന്നോട്ട് പോയാല്‍ ക്യൂവില്‍ നില്‍ക്കുന്ന സി.പി.എം നേതാക്കളും ജയിലിലാകും. സ്വര്‍ണംകട്ടവന്‍ പിണറായി വിജയനൊപ്പം നില്‍ക്കുന്നുണ്ടല്ലോ. പിണറായിയെ ചോദ്യം ചെയ്യണമെന്ന് ഞങ്ങള്‍ പറഞ്ഞില്ല. ടൂറിസം പ്രചരണത്തിന് കേരളത്തില്‍ എത്തിയ വ്‌ളോഗര്‍ പിന്നീട് ചാരക്കേസില്‍ അറസ്റ്റിലായി. അന്ന് ടൂറിസം മന്ത്രി റിയാസിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ ശരിയല്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍ ആ അന്തസും മര്യാദയും സി.പി.എമ്മിനില്ല. രാഷ്ട്രീയ നേതാക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊപ്പം എല്ലാവരും ഫോട്ടോയെടുക്കും. അവരില്‍ ആരെങ്കിലും പിന്നീട് കേസുകളില്‍ പ്രതികളായാല്‍ ഭയങ്കര ബന്ധമാണെന്ന് പറയും. അതൊക്കെ പറയുന്നതില്‍ മര്യാദയും അന്തസും വേണം. അത് സി.പി.എമ്മിനില്ല. നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് പറയുന്നവര്‍ തിരുവഞ്ചൂര്‍ നല്‍കിയ നോട്ടീസ് അംഗീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? 2019 ലെ കളവ് ആരും അറിയാത്തതു കൊണ്ടാണ് 2024-ല്‍ വീണ്ടും മോഷണത്തിന് ശ്രമിച്ചതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അന്ന് ദേവസ്വം മന്ത്രി വാസവനും പ്രസിഡന്റ് പ്രശാന്തുമായിരുന്നു. തിരുവാഭരണം കമ്മിഷണറുടെ എതിര്‍പ്പ് മറികടന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തേ മതിയാകൂവെന്ന് പറഞ്ഞ ആളാണ് പ്രശാന്ത്. അയ്യപ്പന്റെ ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റെന്ന് പറഞ്ഞത് കോടതിയാണ്. അത് കട്ട സി.പി.എം നേതാക്കളാണ് ജയിലില്‍ കിടക്കുന്നതെന്ന് മറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പരാജയപ്പെട്ട എല്ലാ മേഖലകളിലും യു.ഡി.എഫ് ബദൽ പദ്ധതികൾ പ്രഖ്യാപിക്കും. വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കുന്ന 'വിഷൻ ഡോക്യുമെന്റുകൾ' യാത്രയുടെ വിവിധ ഘട്ടങ്ങളിൽ അവതരിപ്പിക്കും. സാമ്പത്തിക, പാരിസ്ഥിതിക, സാങ്കേതിക വശങ്ങൾ പരിശോധിച്ചാണ് ഈ പദ്ധതികൾ തയ്യാറാക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പിൽ എം.പി എന്നിവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam