
കോഴിക്കോട്: ഇന്നലെ നടന്ന മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമെന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. മൂന്ന് ഇൻഞ്ചക്ഷൻ ഓർഡർ നിലനിൽക്കെയായിരുന്നു കൗൺസിൽ ചേർന്നത്. സാദിഖലി തങ്ങൾ ഒരു ഖാസിയാണ് . ഖാസി ഒരു നിയമജ്ഞനാണ്. അദ്ദേഹമാണ് നിയമ വിരുദ്ധ നടപടിക്ക് സാക്ഷ്യം വഹിച്ചത്. നടന്നത് കോടതിയലക്ഷ്യം. ഇത് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കും. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് ദിവസം തന്നെ പുറത്താക്കിയത് എന്തു കൊണ്ടെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലീഗിൽ രാഷ്ട്രീയ ജീർണ്ണത പലരേയും ബാധിച്ചു .മെംബർഷിപ്പ് ക്യാമ്പയിൻ വെറും ചടങ്ങായിരുന്നു. വോട്ടർ പട്ടികയിൽ വെറുതെ അംഗങ്ങളെ എഴുതി ചേർത്തു. തന്നെ സംസ്ഥാന കൗൺസിലിൽ എടുക്കാൻ സാദിഖ് അലി തങ്ങൾ തയ്യാറായിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി എതിർത്തു. കൗൺസിലിൽ മത്സരിക്കരുതെന്നാണ് അനുരഞ്ജനത്തിന് വന്നവരുടെ ആവശ്യം. താൻ അനുസരിച്ചില്ല. പിഎം എ സലാം ഉൾപ്പെടെ ഉള്ളവർ തന്നെ ലീഗ് എന്തെന്ന് പഠിപ്പിക്കാൻ വരേണ്ടെന്നും ഹംസ പറഞ്ഞു.
ഇ.ടി.മുഹമ്മദ് ബഷിറിന് ചോറ് യുഡി എഫിലും കൂറ് എൽ ഡി എഫിലും ആണ്. ബി.ജെ.പിയുമായി ഇ.ടി. ചങ്ങാത്തത്തിലാണ്. കുഞ്ഞാലിക്കുട്ടി മത്സരിച്ച് എം.പിയായി. പിന്നെ ഇവിടെ വന്ന് എം.എൽ എ യായി. ഇതിനെ ഒക്കെ താൻ ചോദ്യം ചെയ്തു. ലീഗിൽ ശുദ്ധികലശം വേണം. ലീഗ് കാട്ടു കള്ളൻമാരുടെയും അധോലോക നായകരുടേയും കയ്യിലാണ്. യുഡിഎഫ് നേതാക്കൾക്ക് വരെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ വിശ്വാസമില്ല. ആര്‍എസ്എസുമായി ചർച്ച നടത്തിയ എംഎല്‍എ കുഞ്ഞാലിക്കുട്ടിയല്ല. മറ്റൊരു എംഎല്‍എയാണ്. ചർച്ച നടത്തിയെന്നത് സത്യം. ലീഗിനെ ഇടതുപക്ഷ ആലയിൽ കെട്ടലാണ് ചർച്ചയുടെ ലക്ഷ്യം. ദീർഘകാല അടിസ്ഥാനത്തിൽ ബിജെപിക്ക് ഇത് ഗുണം ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam