
മലപ്പുറം: മുനമ്പം വിഷയത്തിൽ പരസ്യ പ്രസ്താവന വിലക്ക് മുസ്ലിം ലീഗ് നേതൃത്വം. കെ എം ഷാജിക്ക് പിന്നാലെ ഇ ടി മുഹമ്മദ് ബഷീറും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വാദവുമായി രംഗത്തുവന്നതോടെയാണ് ലീഗിൻ്റെ വിലക്ക്. മുനമ്പം ഭൂമി പ്രശ്നത്തിൽ പാണക്കാട് തങ്ങൾ ഇടപെട്ടത് ചൂണ്ടിക്കാട്ടി കെ എം ഷാജി തൻ്റെ വാദം ആവർത്തിക്കുകയും ഇ ടി മുഹമ്മദ് ബഷീർ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഇതോടെയാണ് ലീഗ് നേതൃത്വം ആദ്യം ഈ നേതാക്കൾ പറഞ്ഞത് കാര്യമാക്കേണ്ടതില്ലെന്നും പിന്നീട് പരസ്യപ്രസ്താവനകൾ വിലക്കുന്നതായും അറിയിച്ചത്.
മുനമ്പം ഭൂമി പ്രശ്നത്തിൽ മുസ്ലിം ലീഗ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സമവായ നീക്കത്തെ അട്ടിമറിക്കുന്നതാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാടെന്ന് വി ഡി സതീശനടക്കം സൂചിപ്പിച്ചതോടെയാണ് പാണക്കാട് തങ്ങളുടെ അന്ത്യശാസനം. ഇ ടി മുഹമ്മദ് ബഷീർ, കെ എം ഷാജി, എം കെ മുനീർ, കെപിഎ മജീദ് തുടങ്ങിയ നേതാക്കളാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയ വാദത്തിന് വിരുദ്ധമായ നിലപാട് എടുത്തത്. ഇത് കാസ പോലുള്ള സംഘടനകളും ബിജെപിയും ആയുധമാക്കിയിരുന്നു. ഇത് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന നീക്കം ആണെന്ന് യുഡിഎഫ് നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് സമുദായ സൗഹൃദമാണ് ലീഗിൻ്റെ ലക്ഷ്യമെന്നും മറ്റുള്ള പ്രസ്താവനകൾ അവഗണിക്കുകയാണെന്നും പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് മുസ്ലീം ലീഗിന്‍റെ നിലപാടെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. വിഷയം പരിഹാരിക്കുന്നതിനായി സര്‍ക്കാര്‍ വേഗത കൂട്ടണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
അതേസമയം, മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം വിട്ട് നിന്നതോടെ സമസ്ത സമവായ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകാതെ പിരിഞ്ഞു. രണ്ട് വിഭാഗത്തേയും പങ്കെടുപ്പിച്ച് ചര്‍ച്ച തുടരുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. സമസ്തയില്‍ രണ്ട് വിഭാഗങ്ങളില്ലെന്നും സമസ്ത പ്രസിഡന്‍റ് ബിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിലര്‍ അസൗകര്യം അറിയിച്ചതിനാല്‍ ഇന്നത്തെ സമവായ ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നങ്ങളും സമസ്തയില്‍ ഇല്ല. മുസ്ലീം ലീഗും സമസ്തയും തമ്മിൽ പണ്ടും അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ട്. നേതൃത്വം ഇടപെട്ട് അത് പരിഹരിക്കാറുമുണ്ട്. നടപടി എടുക്കുകയല്ല, എല്ലാവരെയും കൂട്ടിയോജിപ്പിക്കലാണ് നിലപാടെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam