കനത്ത മഴ: എറണാകുളത്തെ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Oct 20, 2019, 10:56 PM IST
Highlights

തിരുവനന്തപുരം, എറണാകുളം , പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലാണ് അവധി, പത്തനംതിട്ടയിലും തൃശ്ശൂരിലും ഉച്ചയ്ക്ക് ശേഷം മാത്രമാണ് അവധി. എറണാകുളത്ത് കോളേജുകൾക്ക് അവധിയില്ല.

കൊച്ചി: കനത്ത മഴയെ തുടരുമെന്നമുന്നറിയിപ്പിനെ തുടർന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്‌, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്. കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുട‌‌ർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

വടക്ക് കിഴക്കൻ കാലവർഷം ജില്ലയിൽ അതി ശക്തമായി തുടരുന്നതിനാലും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് തിരുവനന്തപുരം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. തിരുവനനന്തപുരത്തെ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. 

കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ നെയ്യാർ ഡാമിലെ ജല നിരപ്പ് ഉയർന്നു. ഇപ്പോൾ ജലനിരപ്പ് 83.45 മീറ്റർ ആണ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റർ ആണ്. നാലിഞ്ച്‌ ഉയർത്തിയിരുന്ന ഷട്ടർ നീരൊഴിക്കിനെ തുടർന്നു ആറിഞ്ചായി ഉയർത്തി. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എങ്കിലും നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതിനെ തുടർന്ന്. തിരുവനന്തപുരത്തിനും എറണാകുളത്തിനും പുറമേ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റ് ആറ്  ജില്ലകളില്‍ യെല്ലോ ആലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുകയാണ്. വ്യാഴാഴ്ചയോടെ ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങിയേക്കും. ബംഗാള്‍  ഉള്‍ക്കടലില്‍ മറ്റന്നാള്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുണ്ട്. ഇത് ആന്ധ്ര തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തിലാണ്  സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.  മഴ കണക്കിലെടുത്ത്  തൃശൂരിലും പത്തനംതിട്ടയിലും നാളെ ഉച്ചക്ക് ശേഷം സ്കൂളുകൾക്കും അംഗനവാടികൾക്കും അവധി നൽകിയിട്ടുണ്ട്. 

click me!