തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കോര്‍പറേഷനിലും നാല് മുൻസിപ്പാലിറ്റികളിലും ഭരണം ഉറപ്പിച്ച് ഇടതുമുന്നണി. വിമതഭീഷണി നിലനിന്നിരുന്ന വർക്കലയിലും അനിശ്ചിതത്വം നിലനിന്നിരുന്ന നെയ്യാറ്റിൻകരയിലുമടക്കം ഭൂരിപക്ഷം നേടിയാണ് അധ്യക്ഷന്മാർ അധികാരത്തിലേക്കെത്തിയത് വര്‍ക്കല നെടുമങ്ങാട് മുൻസിപ്പാലിറ്റികളിൽ വോട്ടെടുപ്പ് ബഹിഷ്കരിച്ച് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ആറ്റിങ്ങലിൽ വൈകിയെത്തിയ ബിജെപി അംഗത്തെ പുറത്ത് നിര്‍ത്തി.
തിരുവനന്തപുരം കോര്‍പറേഷൻ മേയറായി ആര്യാ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സ്വതന്ത്രരുടെ പിന്തുണ അടക്കം 54 വോട്ട് നേടിയാണ് ആര്യാ രാജേന്ദ്രൻ മേയറായത്. ബിജെപിക്ക് 39 വോട്ടുണ്ട്. 9 പേരാണ് യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത്. യുഡിഎഫിന്‍റെ ഒരംഗം വോട്ടെടുപ്പിന് ഹാജരായിരുന്നില്ല . ക്വാറന്‍റീനിൽ ആണെന്നാണ് വിശദീകരണം.
വർക്കല നഗരസഭയിൽ എൽ ഡി എഫ് ഭരണം ഉറപ്പിച്ചു. സ്വതന്ത്രരുടെ പിന്തുണയോടെയാണ് സിപിഎം വര്‍ക്കല ഏര്യാകമ്മിറ്റി അംഗം കെഎം ലാജി ചെയര്‍മാൻ സ്ഥാനത്തെത്തിയത്. 12 പേരുള്ള സി പി എമ്മിന് രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് ഭരണം ഉറപ്പിക്കാനായത്. പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി കുമാരി സുദർശിനി വൈസ് ചെയർമാനാകും. വർക്കല 17-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സുദർശിനി. വർക്കല നഗരസഭയിൽ നടന്ന വോട്ടെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചു. ഹാളിൽ നിന്ന് നിന്നും യുഡിഎഫുകാര്‍ ഇറങ്ങി പോയി. 7 അംഗങ്ങളാണ് യുഡിഎഫിന് വര്‍ക്കല നഗരസഭയിൽ ഉള്ളത്.
ആറ്റിങ്ങൽ നഗരസഭയിൽ സി പി എമ്മിന്റെ എസ് കുമാരി രണ്ടാം തവണയും നഗരസഭ അധ്യക്ഷയായി. ആറ്റിങ്ങലിൽ എൽ ഡി എഫിന് ഉള്ളത് 18 സീറ്റ് ആണ്. സി പി എമ്മിന്റെ തുളസീധരൻ പിള്ളയാണ് ഉപാധ്യക്ഷൻ. അധ്യക്ഷ തെരഞ്ഞെടുപ്പിന് വൈകിയെത്തിയ കൗൺസിലറെ പുറത്താക്കി. ബി.ജെ.പി. കൗൺസിലർ സുജിയെയാണ് പുറത്താക്കിയത്. സിപിഎം, കോൺഗ്രസ് അംഗങ്ങൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് വരണാധികാരിയുടെ നപടി. ഇതെ ചൊല്ലി കൗൺസിൽ ഹാളിൽ ബഹളവുമായി. മൂന്ന് മുന്നണിയും സ്ഥാനാർത്ഥിയെ നിർത്തിയതിനാൽ വോട്ടെടുപ്പിൽ കൂടിയാണ് അധ്യക്ഷയെ തെരഞ്ഞെടുത്തത്. എസ്. കുമാരിക്ക് 18 വോട്ടും യു. ഡി.എഫ്. സ്ഥാനാർത്ഥി രമാ ദേവിക്ക് 6 വോട്ടും, ബി.ജെ.പി. സ്ഥാനാർത്ഥി ദീപാ രാജേഷിന് 6 വോട്ടും ലഭിച്ചു. ബി.ജെ.പി.ക്ക് ഏഴ് കൗൺസിലർമാർ ഉണ്ടെങ്കിലും ഒരാൾ വൈകി എത്തിയതിനൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ആയില്ല.
നെടുമങ്ങാട് നഗരസഭയിൽ 27 വോട്ടിനാണ് സി പി എമ്മിന്‍റെ സി.എസ് ശ്രീജ അധ്യക്ഷയായത്. യുഡിഎഫ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.ഹാളിനകത്ത് നിന്നും യുഡിഎഫ് പ്രവർത്തകർ ഇറങ്ങി പോയി. ആകെ 31 വോട്ടിൽ നാല് വോട്ടാണ് ബിജെപിക്ക് ഉണ്ടായിരുന്നത്.
നെയ്യാറ്റിൻകര നഗരസഭയിൽ യുഡിഎഫിനേക്കാൾ ഒരു സീറ്റ് അധികം നേടിയാണ് ഇടത് മുന്നണി അധികാരത്തിലെത്തിയത്. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനാണ് അധിക സീറ്റ്. ഇടത് മുന്നണിക്ക് 18 ഉം യുഡിഫിന് 17 ഉം ബിജെപിക്ക് 9 ഉം സീറ്റാണുള്ളത്. രാജ് മോഹനാണ് ചെയര്‍മാൻ. കേരളാ കോൺഗ്രസ് മാണി വിഭാഗം പ്രതിനിധി പ്രിയാ സുരേഷിന് വൈസ് ചെയര്‍പേഴ്സൺ സ്ഥാനം ലഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam