ലൈഫ് മിഷനില്‍ കോടതി ഉത്തരവ്: പൊതുമണ്ഡലത്തിൽ അനാവശ്യ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Oct 13, 2020, 6:44 PM IST
Highlights

വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സര്‍ക്കാരിനോ ലൈഫ് മിഷനോ യാതൊരു പങ്കുമില്ലെന്ന നിലപാടായിരുന്നു തുടക്കം മുതൽ മുഖ്യമന്ത്രി പിണറായി വിജയന് 

തിരുവനന്തപുരം: വടക്കാഞ്ചിരിയിലെ ഫ്ലാറ്റ് നിര്‍മ്മാണത്തിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപങ്ങളിൽ ലൈഫ് മിഷനെതിരായ  സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ്  പൊതുമണ്ഡലത്തിൽ അനാവശ്യ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയെ ആരും തെറ്റായി ചിത്രീകരിക്കാൻ തയ്യാറാകരുത്. രണ്ട് തവണ വാദം കേട്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവായി സ്റ്റേ അനുവദിച്ചത്. ലൈഫ് മിഷൻ സ്പോൺസറിൽ നിന്ന് നേരിട്ട്  വിദേശ സംഭാവന വാങ്ങിയിട്ടില്ല എന്നതിൽ തര്‍ക്കമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു, 

കൊവിഡ് കണക്കുകളുമായി ബന്ധപ്പെട്ട കണക്കുകൾ വിശദീകരിക്കുന്ന പതിവ് വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം, കൊവിഡ് കണക്കുകൾ അവതരിപ്പിച്ച ശേഷം ഇത്തരം ഒരു ചോദ്യം പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കോടതി വിധിയോടുള്ള പ്രതികരണം അറിയിക്കുകയായിരുന്നു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ദുഷ്പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടി എന്ന തരത്തിലാണ് കോടതി വിധിയെ കാണുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിത്തുന്ന പ്രതിപക്ഷത്തിന് അടക്കം വലിയ നിരാശുണ്ടാക്കുന്നതാണ്. വിധിയിൽ അഹങ്കരിക്കാനൊന്നും സര്‍ക്കാരില്ല, നിയമപരമായ വഴിയിൽ അന്വേഷണം തുടരട്ടെ എന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. 

ലൈഫ് മിഷൻ കോടതി വിധിയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം: 

ലൈഫ് മിഷൻ പദ്ധതിയിൽ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച് സിബിഐ ഇട്ട എഫ്ഐആർ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ലൈഫ് മിഷനിൽ എഫ്ഐആറിലെ തുടർനടപടികൾക്ക് രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിച്ചിട്ടുണ്ട്. ലൈഫ് മിഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ എഫ്ഐആർ ഇട്ടത്. ഇടക്കാല വിധിയിൽ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്.

ലൈഫ് മിഷൻ വിദേശസംഭാവന സ്പോണ്ർസറിൽ നിന്നും നേരിട്ട് വാങ്ങിയിട്ടില്ലെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം വകുപ്പ് മൂന്ന് വിശദമായി പരിശോധിച്ച കോടതി ലൈഫ് മിഷനോ ബിൽഡർമാരോ വകുപ്പ് മൂന്നിലെ വിവരണത്തിൽ ഉൾപ്പെടുന്നില്ല എന്നാണ്. വിദേശ സംഭാവന നിയന്ത്രണ നിയമമോ ലഭ്യമായ രേഖകളോ പ്രകാരം ലൈഫ് മിഷനെ പ്രതിപ്പട്ടികയിൽ ചേർത്തത് ന്യായീകിരക്കില്ലെന്നും കോടതി നിരീക്ഷിക്കുന്നു. കേസിൽ ഇനിയും നടപടി ബാക്കിയുള്ളതിനാൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല. എന്നാൽ ലൈഫ് മിഷൻ പദ്ധതിക്കെതിരെ പൊതുസമൂഹത്തിൽ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി.

ഇതോടൊപ്പം ലൈഫ് പദ്ധതിയെക്കുറിച്ച് ഒന്നുകൂടി പറയട്ടെ. ഈനാട്ടിലെ സാധാരണ ജനങ്ങൾക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള സാധാരണ പദ്ധതിയാണിത്. അതിനെ ആരും തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കരുത്. ഒരു വീട് എത്ര വലിയ സ്വപ്നമാണെന്ന് അതുണ്ടാക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവന് മാത്രമേ മനസിലാവൂ. അത്തരം ആളുകൾക്ക് സൗജന്യമായി വീട് ലഭിക്കുമ്പോൾ ഉള്ള സന്തോഷം ആർക്കും വിവരിക്കാനാവില്ല.

സ്വന്തമായി വീടുണ്ടാക്കാൻ കഴിവില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുകയാണ് ലൈഫ് മിഷൻ. ഈ പദ്ധതിയിലെ സുപ്രധാനമായ ഒരു ചടങ്ങ് ഇന്ന് നടന്നു. 1983 മുതൽ 1987 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ സാമൂഹികനീതി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പികെ വേലായുധൻ്റെ ഭാര്യ ശ്രീ ഗിരിജയ്ക്ക് ലൈഫ് മിഷനിലൂടെ ഒരു വീട് വച്ചു നൽകാൻ സാധിച്ചു. കല്ലടിമുക്കത്ത് തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ ഒരു ഫ്ളാറ്റ് അവർക്ക് നൽകി.  2003-ഷൽ പികെ വേലായുധൻ മരിച്ച ശേഷം വലിയ ദുരിതത്തിലായിരുന്നു അവർ. മുൻ സർക്കാരിൻ്റെ കാലത്ത് ഒരു വീടിനായി പല വാതിലുകൾ അവർ മുട്ടി. മുഖ്യമന്ത്രിക്ക് വരെ അപേക്ഷ കൊടുത്തു എന്നാൽ ഫലമുണ്ടായില്ല. നിയമമന്ത്രി എകെ ബാലൻ്റെ ഇടപെടലിലൂടെയാണ് ഗിരിജയ്ക്ക് ഇപ്പോൾ വീട് ലഭിച്ചത്. ഇവർക്ക് ഫ്ളാറ്റ് ലഭ്യമാക്കാൻ സാധിക്കുമോ എന്ന് ബാലൻ തിരുവനന്തപുരം കോർപ്പറേഷനോട് ആരാഞ്ഞു. കോർപ്പറേഷൻ പെട്ടെന്ന് തന്നെ നടപടി പൂർത്തിയാക്കി അവർക്ക് ഫ്ളാറ്റ് അനുവദിച്ചു ഹൃദയസ്പർശിയായ ഇത്തരംനിരവധി അനുവങ്ങൾ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടക്കുന്നു. അതിനാൽ ഈ പദ്ധതിയെ തകര്ർക്കാനുള്ള നീക്കങ്ങൾ ആരും നടത്തരുത് അതിവിടുത്തെ ജനങ്ങൾക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണ്. 

ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ ലൈഫ്മിഷനെതിരെ ദുഷ്പ്രചരണം നടത്തിയവർക്കുള്ള മറുപടിയാണ്. കൃത്യമായി പറയേണ്ട കാര്യങ്ങൾ നിയമവശം വിശദീകരിച്ചു കൊണ്ട് ഹൈക്കോടതി പറഞ്ഞു. ഇടക്കാലവിധിയും വന്നു. ഇത്തരം ആളുകൾക്ക് വലിയനിരാശയുണ്ടാക്കുന്ന വിധിയാണിത്. കെപിസിസി അധ്യക്ഷൻ പറയുന്നത് ഇടക്കാല വിധിയിൽ അഹങ്കരിക്കേണ്ട എന്നാണ്. ഹൈക്കോടതി വിധിയിൽ ഞങ്ങൾക്ക് അഹങ്കാരമോ അമിതമായ ആത്മവിശ്വാസമോ ഇല്ല നിയമപരമായ പരിശോധന തുടരുകയാണ്.

click me!