'ലൈഫ് മിഷൻ വിദേശസംഭാവന വാങ്ങിയിട്ടില്ല, സിബിഐയുടെ എഫ്ഐആറിനെ എതിർക്കും', മുഖ്യമന്ത്രി

By Web TeamFirst Published Oct 1, 2020, 7:10 PM IST
Highlights

ഫെഡറൽ സംവിധാനത്തിൽ അന്വേഷണ ഏജൻസികൾ വഴി കേന്ദ്രസർക്കാർ ഇടപെടുന്നത് അനുവദിക്കാനാകില്ല. ഇതിനെ എതിർക്കും. സിബിഐയുടെ എഫ്ഐആറിനെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: ലൈഫ് മിഷനിൽ സിബിഐയുടെ എഫ്ഐആറിനെ എതിർത്താണ് സംസ്ഥാനസർക്കാർ ഹർജി നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഫ്സിആർഎ ആക്ട് 2010-ന്‍റെ ലംഘനം വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ നിർമാണപദ്ധതിയിൽ ഉണ്ടായിട്ടില്ല. ലൈഫ് മിഷൻ ഒരു വിദേശസംഭാവനയും സ്വീകരിച്ചിട്ടുമില്ല. അതിനാൽത്തന്നെ, സിബിഐ നൽകിയ എഫ്ഐആറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റെന്നാണ് ലഭിച്ച നിയമോപദേശമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

''സിബിഐ എഫ്ഐആറിനെതിരായി സംസ്ഥാനസർക്കാർ നൽകിയ ഹർജി കോടതി പരിഗണിക്കട്ടെ. വിദേശസംഭാവനാ നിയന്ത്രണനിയമം 2010-ന്‍റെ ലംഘനമുണ്ടായെന്ന് കൊച്ചി യൂണിറ്റ് എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിട്ടുണ്ടല്ലോ. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 140 ഫ്ലാറ്റിന്‍റെയും ഒരു ഹെൽത്ത് സെന്‍ററിന്‍റെയും നിർമാണവുമായി ബന്ധപ്പെട്ട കരാർ യുഎഇ കോൺസുലേറ്റും യൂണിടാക് ബിൽഡേഴ്സുമായി തമ്മിലുള്ളതാണ്. ലൈഫ് മിഷൻ ഒരു തുകയും വിദേശസംഭാവനയായി സ്വീകരിച്ചിട്ടില്ല. കരാർ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുക ഇതിന്‍റെ പരിധിയിൽ വരില്ല എന്നാണ് കിട്ടിയ നിയമോപദേശം. അതിനാൽ സിബിഐ നൽകിയ എഫ്ഐആറിനെതിരായാണ് സംസ്ഥാനസർക്കാർ കോടതിയിൽ പോയിരിക്കുന്നത്'', മുഖ്യമന്ത്രി പറഞ്ഞു.

എഫ്സിആർഎയുടെ മുപ്പത്തിയഞ്ചാം വകുപ്പും മൂന്നാം വകുപ്പും ലംഘിച്ചുവെന്ന് കാണിച്ചാണ്, ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയാതെ, യൂണിടാകിനെയും സാനെ വെഞ്ചേഴ്സ് എന്നീ സ്ഥാപനങ്ങളെ അടക്കം ചേർത്ത് ഫയൽ ചെയ്ത എഫ്ഐആർ നിയമപരമായി നിലനിൽക്കില്ല എന്ന് കാണിച്ചാണ് സർക്കാർ ക്രിമിനൽ റിവിഷൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് നിയമപരമായി നേരിടുന്നത് തെറ്റല്ലല്ലോ. ഇത് ഭരണഘടനാപരമായ പരിരക്ഷകൾ വിനിയോഗിക്കലാണ്. ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നൽകുന്ന ലൈഫ് മിഷനെ വെറുതെ നൂലാമാലകളിൽ പെടുത്തുമ്പോൾ നോക്കി നിൽക്കില്ല. എഫ്സിആർഎയുടെ 2-H വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ ലംഘനമുണ്ടായിട്ടില്ല എന്ന വ്യക്തമായ ബോധ്യത്തോടെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. 

ഫെഡറൽ സംവിധാനത്തിൽ അന്വേഷണ ഏജൻസികൾ വഴി കേന്ദ്രസർക്കാർ ഇടപെടുന്നത് അനുവദിക്കാനാകില്ല. ഇതിനെ എതിർക്കും. സിബിഐയുടെ അന്വേഷണസ്വാതന്ത്ര്യത്തെയല്ല, തെറ്റായ കാര്യങ്ങളെഴുതിയ എഫ്ഐആറിനെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ചെയ്ത പോലെ സിബിഐയ്ക്ക് പൊതു അന്വേഷണം നടത്തുന്നത് വിലക്കുകയല്ല സർക്കാർ ചെയ്തത്. അഴിമതി നടന്നാൽ കണ്ടെത്താനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിനെ എതിർക്കും. നിയമക്കുരുക്കുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ സർക്കാർ നിയമപരമായി നേരിടാൻ ശ്രമിക്കുമ്പോൾ എതിർക്കുന്നത് പരിഹാസ്യമാണ്. തിടുക്കപ്പെട്ട് തിരിച്ചടി എന്ന വ്യാഖ്യാനം നടത്താൻ എന്താണ് സംഭവിച്ചത്? കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്വേഷണത്തിലെ നിയമപരമായ പ്രശ്നങ്ങൾ കണ്ടതിനാലാണ്, ലൈഫ് മിഷൻ സിഇഒയ്ക്ക് കോടതിയെ സമീപിക്കാൻ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. 

click me!