
തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് താമസിച്ചിരുന്ന വീടിന്റെ തറ ഉൾപ്പെടെ പൊളിച്ചു നീക്കിയ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇപ്പോൾ തല ചായ്ക്കാൻ ഒരിടമില്ല. ആദ്യ ഗഡു പണം അനുവദിക്കണമെങ്കിൽ പഴയ വീട് പൂർണമായും പൊളിച്ചു നീക്കണമെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള നിർദ്ദേശം. ഇങ്ങനെ ചെയ്തത് വഴി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും ഇടമില്ലാതെ വലയുകയാണ് പലരും.
കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ പറമലയിലെ മാമ്പതിയിൽ തങ്കമ്മയെയും ഭർത്താവ് ജോർജിനെയും കാണാനായാണ് ഈ യാത്ര. റോഡിൽനിന്ന് കുറച്ച് മാറിയാണ് വീട്. വീടെന്ന് പറയാൻ കഴിയില്ല. വീട് എന്ന സ്വപ്നവും ചോർന്നൊലിച്ചിരുന്ന പഴയ വീടിന്റെ ചില അവശേഷിപ്പുകളും മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.
ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ആദ്യഗഡു പ്രതീക്ഷിച്ച വീട് പൊളിച്ചത്. തറ ഉൾപ്പെടെ പൊളിച്ച് ഫോട്ടോ എടുത്ത് പഞ്ചായത്തിൽ നൽകി. പക്ഷേ, പറഞ്ഞ സമയത്തിന് തുക എത്തിയില്ല. ഇപ്പോൾ തങ്കമ്മയ്ക്കും രോഗിയായി ഭർത്താവ് ജോർജിനും മകൻ പ്രിൻസിനും തലചായ്ക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകിട്ടിയ ഈ ചെറു തണലു മാത്രം.
2022 ൽ അന്തിമ ഗുണഭോക്തൃ പട്ടിക പുറത്തുവന്ന പുതിയ ലൈഫ് പട്ടിക പ്രകാരം കോടഞ്ചേരി പഞ്ചായത്തിൽ 300 ൽ അധികം പേർ വീടിന് അർഹരാണ്. ലൈഫ് പദ്ധതി പ്രതിസന്ധിയിൽ ആയതോടെ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാത്ത നിലയിലാണ് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ.
ലൈഫ് പദ്ധതിയിൽ വീട് പ്രതീക്ഷിച്ച് താമസിച്ചിരുന്ന വീട് പൊളിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam