ലൈഫ് പദ്ധതി ആവിഷ്കരിച്ചപ്പോൾ സിപിഎം എതിര്‍ത്തു: മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മുല്ലപ്പള്ളിയുടെ മറുപടി

By Web TeamFirst Published Feb 29, 2020, 7:00 PM IST
Highlights

ലൈഫ് പദ്ധതി ആവിഷ്കരിച്ച കാലത്ത് അതിനെ നഖശിഖാന്തം എതിർത്ത പാര്‍ട്ടിയാണ് സിപിഎം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ സിപിഎം ഇന്ന് ക്രഡിറ്റ് അടിച്ചെടുക്കാൻ നടക്കുന്നു

തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മേനി നടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് എന്താണ് അവകാശമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ നെഗറ്റീവ് നിലപാട് എല്ലാകാലത്തും സ്വീകരിച്ചത് സിപിഎമ്മാണ്. മുഖ്യമന്ത്രി പറയുമ്പോഴേക്കും ചെങ്കൊടി പിടിക്കുകയാണോ ഞങ്ങളുടെ ജോലിയെന്നും മുല്ലപ്പള്ളി ചോദിച്ചു.

ലൈഫ് പദ്ധതി ആവിഷ്കരിച്ച കാലത്ത് അതിനെ നഖശിഖാന്തം എതിർത്ത പാര്‍ട്ടിയാണ് സിപിഎം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ സിപിഎം ഇന്ന് ക്രഡിറ്റ് അടിച്ചെടുക്കാൻ നടക്കുന്നു. 

പ്രതിപക്ഷം ഒരിക്കലും നെഗറ്റിവ് സമീപനം സ്വീകരിച്ചിട്ടില്ല. സ്വീകരിച്ചത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. 

ലോക കേരള സഭ പണക്കാർക്ക് വേണ്ടി മാത്രം നടത്തിയതുകൊണ്ടാണ് വിയോജിച്ചത്. നെഗറ്റിവിറ്റി മുഖ്യമന്ത്രിയുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ പാവങ്ങളെയാണോ യുഡിഎഫ് ബഹിഷ്ക്കരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വീട് നിർമിച്ച് നൽകിയെന്നത് എല്ലാവർക്കും അഭിമാനിക്കാൻ വക നൽകുന്ന കാര്യം. ആരായിരുന്നു ഭരിച്ചതെന്ന് നോക്കിയല്ല ലൈഫ് പദ്ധതിയിൽ വീടുകൾ നിര്‍മ്മിച്ചത്. വീട് പൂർത്തിയായില്ല എന്നത് മാത്രമാണ് നോക്കിയത്. എന്തുകൊണ്ടാണ് നേരത്തെ വീട് പൂർത്തിയാക്കാൻ യുഡിഎഫ് പണം അനുവദിക്കാതിരുന്നത്? ഇത്ര ഇടുങ്ങിയ മനസ് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

"പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന പ്രവർത്തനമാണിത്. യുഡിഎഫ് നേരത്തെയും ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചിട്ടുണ്ട്. ലോക കേരള സഭയിൽ നിന്നും വിട്ട് നിന്നു.  പ്രളയ പുനരധിവാസത്തിലും പ്രതിപക്ഷം മാറി നിന്നു. നിക്ഷേപ സംഗമം നടത്തിയപ്പോഴും പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. ഇതെന്തൊരു മനോഭാവം? നാടിനോടും നാടിന്റെ ഭാവിയോടുമാണ് ഈ ക്രൂരത യുഡിഎഫ് കാണിക്കുന്നത്," മുഖ്യമന്ത്രി പറഞ്ഞു.

"ജനാധിപത്യം സംരക്ഷിക്കാനുള്ള സമരത്തിലും പ്രതിപക്ഷം ഒന്നിച്ചില്ല. എന്നാൽ നാടിന്റെ ഐക്യവും ഒരുമയും നഷ്ട്ടപ്പെട്ടിട്ടില്ല. പ്രതിപക്ഷത്തിന്റെ നെഗറ്റീവ് ഇടപെടൽ ഇതിനെ ബാധിച്ചിട്ടില്ല. പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല. എങ്കിലും ഇനിയും ഒരുമിച്ച് പോകേണ്ട സാഹചര്യമുണ്ട്. നിഷേധാത്മക സമീപനത്തിന് പ്രതിപക്ഷത്തെ ചരിത്രം കുറ്റക്കാരെന്ന് വിധിയെഴുതും."

"പദ്ധതിക്ക് എല്ലാവരുടെയും സഹായം ലഭിച്ചു. പിഎംഎവൈ പദ്ധതി വഴിയുള്ള വീടുകളിലില്ലേ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. കേരളത്തിലെ വ്യത്യസ്ത വകുപ്പുകളുടെ വീടുകളും പിഎംഎവൈ വീടുകളുമുണ്ട്. പിഎംഎവൈ ഗ്രാമങ്ങളിൽ 75000 രൂപയാണ് വീട് നിര്‍മ്മിക്കാൻ നൽകുന്നത്. അതിനോട് 3.25 ലക്ഷം രൂപ സ‍ര്‍ക്കാര്‍ കൂട്ടണം. നഗരങ്ങളിൽ ഒന്നര ലക്ഷം പിഎംഎവൈ യിൽ നിന്ന് കിട്ടും. രണ്ടര ലക്ഷം സര്‍ക്കാര്‍ കൂട്ടണം പദ്ധതിയെ വിമര്‍ശിക്കുന്നവരെ ഉദ്ദേശിച്ചെന്നോണം മുഖ്യമന്ത്രി പറഞ്ഞു. ഈ തുക വര്‍ധിപ്പിക്കണമെന്ന് പലവട്ടം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതുണ്ടായില്ല."

click me!