മദ്യവിൽപ്പനശാലകൾ തിരക്കില്ലാത്ത ഇടങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കണം: ഹൈക്കോടതി

By Web TeamFirst Published Jul 13, 2021, 1:24 PM IST
Highlights

കൊവിഡ് കാലത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

കൊച്ചി: മദ്യവിൽപ്പന ശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേരളാ ഹൈക്കോടതി. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് കാലത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. 

ബാറുകളിൽ മദ്യവിൽപന പുനരാരംഭിച്ച സാഹചര്യത്തിൽ ബെവ്‌കോ ഔട്ട്‌ ലെറ്റുകളിലെ തിരക്ക് കുറയുമെന്നും മദ്യ വിൽപ്പനയ്ക്ക് ഡിജിറ്റൽ പെയ്മെന്റ് സംവിധാനം ആരംഭിച്ചതായും സർക്കാർ ഹൈക്കോടതിയിയെ അറിയിച്ചു.  കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. നേരത്തെ മദ്യക്കടകളിലെ ആള്‍ക്കൂട്ടത്തിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷ ഭാഷയിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. രാജ്യത്തെ കൊവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലാണെന്നിരിക്കെ, മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടികളുമുണ്ടാകുന്നില്ലെന്നാണ് കോടതി വിമർശിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!