
തിരുവനന്തപുരം: കേരളത്തിന് ആദ്യമായി ലഭിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയക്രമവും ടിക്കറ്റ് നിരക്കും പൂർണരൂപത്തിൽ പുറത്തുവന്നതോടെ മറ്റ് ട്രെയിനുകളുമായുള്ള താരതമ്യവും എങ്ങും ചർച്ചയാണ്. വന്ദേഭാരത് തമ്പാനൂരിൽ നിന്ന് രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തും എന്നാണ് സമയക്രമം വ്യക്തമാക്കുന്നത്. അതായത് 7 മണിക്കൂർ 20 മിനിട്ടാകും കണ്ണൂരിലേക്കുള്ള യാത്രക്ക് വേണ്ടിവരിക. ടിക്കറ്റ് നിരക്കാകട്ടെ എക്കോണമി ക്ലാസിൽ ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.
രാജധാനിയിൽ ഫസ്റ്റ് എ സിയിൽ മാത്രമാകും വന്ദേഭാരതിനേക്കാൾ ടിക്കറ്റ് നിരക്കുണ്ടായിരിക്കുക. ബാക്കിയെല്ലാ ട്രെയിനിലും ഏത് ക്ലാസിലും വന്ദേഭാരതിനേക്കാൾ ടിക്കറ്റ് നിരക്ക് കുറവാണ്. രാജധാനിയിൽ ഫസ്റ്റ് എ സി 2440 രൂപയും രാജധാനിയിൽ സെക്കൻഡ് എ സി 1970 രൂപയും തേർഡ് എ സി 1460 രൂപയുമാണ്. മാവേലിയിലാകട്ടെ ഫസ്റ്റ് എ സി 1855 രൂപയും സെക്കൻഡ് എ സി 1105 രൂപയും തേർഡ് എ സി 775 രൂപയുമാണ്. ജനശതാബ്ദി ചെയർകാറിലാകട്ടെ 755 രൂപക്ക് കണ്ണൂരെത്താം.
ഇനി ഇവയുടെ സമയക്രമം കൂടി പരിശോധിക്കാം
തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലെത്താൻ 7 മണിക്കൂർ 20 മിനിട്ടാകും വേണ്ടിവരിക. കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ വന്ദേഭാരത് ആയിരിക്കും എന്ന് വ്യക്തം. എന്നാൽ മറ്റ് 3 ട്രെയിനുകളും വന്ദേഭാരതും തമ്മിൽ ഒരുപാട് സമയത്തിന്‍റെ വ്യത്യാസം ഉണ്ടാകില്ലെന്നതാണ് താരതമ്യം വ്യക്തമാക്കുന്നത്. രാജധാനി, ജനശതാബ്ധി ട്രെയിനുകളുമായി താരതമ്യം ചെയ്താൽ വലിയ സമയ ലാഭം പല ജില്ലയിലും യാത്രക്കാർക്ക് കിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
ട്രെയൽ റൺ വച്ച് നോക്കിയുള്ള വന്ദേഭാരതിന്‍റെ യാത്ര കൃത്യമായി പറഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് 50 മിനിറ്റ് എടുത്താകും കൊല്ലം കാണുക. ഇപ്പോൾ തിരുവനന്തപുരം കൊല്ലം ദൂരം ഏറ്റവും കുറഞ്ഞ സമയത്തിൽ ഓടി എത്തുന്നത് നിസാമുദ്ധീൻ എക്സ്പ്രസ് ആണ്. നിസാമുദ്ധീൻ 55 മിനിറ്റിലാണ് കൊല്ലത്ത് എത്തുക. അതായത് നിസാമുദ്ദീനെക്കാൾ അഞ്ച് മിനിട്ട് സമയലാഭം മാത്രമാകും വന്ദേഭാരതിന് ഉണ്ടാകുക.
വന്ദേഭാരത് കോട്ടയത്ത് എത്താൻ 2 മണിക്കൂർ 19 മിനിറ്റാകും എടുക്കുകയെന്നാണ് പ്രതീക്ഷ. നിലവിലോടുന്ന കേരള എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് ഓടിയെത്തുന്ന സമയം 2 മണിക്കൂർ 42 മിനിറ്റാണ്. വന്ദേ ഭാരത് പരീക്ഷണ ഓട്ടത്തിലെ അതേ വേഗതയിലാണ് ഓടുന്നത് എങ്കിൽ കോട്ടയത്തെ യാത്രക്കാർക്ക് കിട്ടാവുന്ന സമയലാഭം 23 മിനിറ്റ് മാത്രം.
പുലർച്ചെ 5.09 ന് തലസ്ഥാനത്ത് നിന്ന് ഓടിത്തുടങ്ങിയ വന്ദേഭാരത് 3 മണിക്കൂർ 18 മിനിറ്റ് സമയം കൊണ്ടാണ് എറണാകുളം നോർത്തിൽ എത്തിയത്. തിരുവനന്തപുരത്തുനിന്ന് കയറുന്ന ഒരു യാത്രക്കാരനെ സംബന്ധിച്ച് ആലപ്പുഴ വഴിയുള്ള ജനശതാബ്ധിയിലും രാജധാനിയിലും ഇതേ സമയംകൊണ്ട് ഇതിലും കുറഞ്ഞ ചെലവിൽ എറണാകുളത്ത് എത്താം എന്ന് സാരം. ആലപ്പുഴ വഴി ജനശതാബ്ധി 3 മണിക്കൂർ 18 മിനിറ്റ് കൊണ്ടും രാജധാനി 3 മണിക്കൂർ 15 മിനിറ്റ് കൊണ്ടും എറണാകുളത്ത് എത്തും. എന്നാൽ മലബാർ എക്സ്പ്രസുമായി താരതമ്യം ചെയ്താൽ വന്ദേഭാരതിൽ രണ്ടു മണിക്കൂർ ഏഴു മിനിറ്റ് സമയലാഭം കിട്ടും.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വന്ദേഭാരത് എത്തിയതാകട്ടെ 6 മണിക്കൂർ 6 മിനിറ്റ് എടുത്താണ്. ജനശതാബ്ദി 7 മണിക്കൂർ 01 മിനിറ്റ് കൊണ്ടും മലബാർ എക്സ്പ്രസ് 10 മണിക്കൂർ 02 മിനിറ്റ് കൊണ്ടും ആണ് കോഴിക്കോട് എത്തുന്നത്. ജനശതാബ്ധിയുമായി താരതമ്യം ചെയ്താൽ സമയലാഭം പരമാവധി 55 മിനിറ്റ് മാത്രമാകും.
കണ്ണൂരിലെ സമയക്രമത്തിലും വലിയ വ്യത്യാസം ഉണ്ടാകില്ല. രാജധാനി, ജനശതാബ്ധി ട്രെയിനുകളുമായി താരതമ്യം ചെയ്താൽ വലിയ സമയ ലാഭം യാത്രക്കാർക്ക് കിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam